പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അപൂർവം ചില ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിലെത്തുന്നത്. സിനിമ കണ്ടുകഴിഞ്ഞ് തിയറ്ററർ വിട്ടിറങ്ങിയതിന് ശേഷവും സിനിമ കാണുമ്പോഴുള്ള അതേ ഫീൽ ലഭിക്കുന്ന ചിത്രങ്ങൾ. അത്തരത്തിലുള്ള ഒന്നാണ് ഈയടുത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. പറയത്തക്ക സൂപ്പർതാരങ്ങളോ മുൻനിര നടിമാരോ ഇല്ലാത്ത ഒരു ഫീൽ ഗുഡ് ചിത്രം. ശ്യാം പുഷ്കരൻ്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് സുഷിൻ ശ്യാമിൻ്റെ സംഗീതം കൂടിയായപ്പോൾ കുമ്പളങ്ങിയിലേക്ക് ഒരു യാത്ര കഴിഞ്ഞ് മടങ്ങിയ അനുഭവമാണ് പ്രേക്ഷകർക്ക്.
സജി, ബോബി, ബോണി, ബേബി, ഷമ്മി, സിമി, ഫ്രാങ്കി.....പേരുകൾ പോലെ തന്നെ വ്യത്യസ്തമാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. ആളുകൾ പട്ടിയേയും പൂച്ചയേയും ഉപേക്ഷിക്കുന്ന തീട്ടപ്പറമ്പെന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്ന പ്രദേശത്ത് ജീവിക്കുന്ന നാല് സഹോദരന്മാരുടെ കഥ. ശക്തമായ കഥാപാത്രമാണ് സൗബിൻ ഷാഹിർ അവതരിപ്പിച്ച സജി. കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ. കുമ്പളങ്ങിയിൽ ഏറ്റവും ആഴത്തിൽ കോറിവരയ്ക്കുന്ന കഥാപാത്രം. സജി പലപ്പോഴും നമ്മളിൽ ഓരോരുത്തരാണ്. നഷ്ടബോധത്തിൻ്റെ കയങ്ങളിൽ ശ്വാസം കിട്ടാനാകാതെ പിടയുന്ന, ഉള്ളുതുറന്ന് ആരോടും പറയാനാവാതെ, ആരും കൂട്ടിനില്ലാതാകുന്ന, ഒന്ന് കെട്ടിപ്പിടിച്ചാൽ കുഞ്ഞിനെപ്പോലെ വാവിട്ട് കരയുന്ന നമ്മൾ.
അന്നയും റസൂലും, പറവ, ഈട എന്നിവയിലെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും, ഒരു നടനെന്ന നിലയിലുള്ള ഷെയ്ൻ നിഗത്തിൻ്റെവളർച്ച കുമ്പളങ്ങിയിൽ കാണാം. ബോബി മാസ്സാണ്! ലൈൻ സെറ്റായ ശേഷം കാമുകിയുമായി ആദ്യമായി ഒരു സിനിമക്ക് പോവുക, അതും 'അർജ്ജുൻ റെഡ്ഡി'. പറഞ്ഞു വന്നത്, ബോബിയുടെ ക്ഷമയെ പറ്റിയാണ്. അർജ്ജുൻ റെഡ്ഡി പോലൊരു പടം കണ്ടിട്ട് അതിൻ്റെ ക്ലൈമാക്സ് ആയപ്പോൾ മാത്രം ബേബിയോട് കിസ്സ് ചോദിച്ച ബോബി മാസ്സാണ്. ചിലപ്പോൾ ബോബിയുടെ ആ ക്ഷമയും പീക്ക് ടൈമിലുള്ള ചോദ്യവുമാവാം ബേബി മോളെ ബോബിയുടെ പുറകെ പോകാൻ വീണ്ടും പ്രേരിപ്പിച്ചത്. അത്യാവശം ഫ്രീക്കനാണ്, അത്യാവശം മണ്ടനാണ്. പിന്നെ ബോബി നല്ലൊരു മനുഷ്യനാണ്.
ശ്രീനാഥ് ഭാസിയുടെ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്നാണ് കുമ്പളങ്ങിയിലെ ബോണി. മൗനാനുരാഗത്തിൻ്റെ പ്രതിനിധിയാണ് അയാൾ. ബോണിയുടെ ഒരു നോട്ടം മതി മറ്റുള്ളവരോടുള്ള അയാളുടെ കരുതലും പ്രണയവും മനസ്സിലാക്കാൻ. കുമ്പളങ്ങിയിലെ ഏറ്റവും ഇഷ്ടപ്പെട്ട പ്രണയവും ബോണിയുടെയും നൈലയുടേയുമാണ്. വേറെ ഡ്രാമയില്ല. ആർക്കും ആരെയും ബിൽഡ് ചെയ്ത് കൊണ്ടു വരേണ്ടകാര്യമില്ല. നൈല നൈലയുടെ ടൂർ ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു നടക്കുന്നു. ബോണി ബോണിയുടെ ജീവിതമൊക്കെയായിട്ട് ഇങ്ങനെ സമാധാനമായിട്ട് പോകുന്നു. വളരെ യാദൃശ്ചികമായി തമ്മിൽ കാണുന്നു. ഒരു അടുപ്പം ഉണ്ടാവുന്നു. സ്വഭാവത്തിൻ്റേയോ പശ്ചാത്തലത്തിൻ്റേയോസാഹചര്യത്തിൻ്റേയോ ഒന്നും ഒരു അലമ്പും ഇല്ലാതെ സമാധാനമായിട്ട പ്രേമിച്ചു നടക്കുന്നു.
കുമ്പളങ്ങി കണ്ടിട്ട് ഇപ്പോഴും വിട്ടുപോകാത്ത കഥാപാത്രം ഷമ്മിയാണ്. ബാക്കിയെല്ലാ കഥാപാത്രങ്ങളും വളരെ സട്ടിലായി ബിഹേവ് ചെയ്യുമ്പോൾ ഷമ്മിയിൽ തുടക്കം മുതലേ ഒരു അസാധാരണത്വം കാണാമായിരുന്നു. ഷമ്മി ഒരു ടൈം ബോംബാണെന്ന് ആദ്യമേ തെളിവാക്കുന്നുണ്ട്. അതിങ്ങനെ ടിക് ടിക് അടിക്കുന്നത് നമുക്ക് കേൾക്കാം. നോക്കുമ്പോൾ, ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, എന്തിന് വസ്ത്രധാരണത്തിൽ പോലും മറ്റുകഥാപാത്രങ്ങളിൽ നിന്ന് കുറച്ചു നാടകീയമായിട്ടാണ് ഷമ്മിയെ അവതരിപ്പിച്ചിരിക്കുന്നത്.
അമ്മയെകൊണ്ടു ചന്ദനം തൊടീക്കാൻ അനുവദിക്കാതിരിക്കുന്ന സീൻ, പെണ്ണിനൊപ്പം വാഹനത്തിൽ കയറാൻ ഷമ്മിയുടെ ചേട്ടൻ വിസമ്മതിക്കുന്ന സീൻ, പലതന്തയ്ക്ക് പിറന്നവൻമാർ എന്ന ലേബൽ സജിക്കും കുടുംബത്തിനും അടിച്ചുകൊടുക്കുന്ന സീൻ, മിനുക്കിനടക്കുന്ന സോ കോള്‍ഡ് പുരുഷത്വത്തിന്‍റെ പ്രതീകമായ മീശ വടിക്കുന്ന ബ്ലേഡ് കൊണ്ട് ഗ്ലാസിലെ പൊട്ട് ഇളക്കി കളയുന്ന സീന്‍ ...ഇങ്ങനെ പല സീനുകളിലും ഷമ്മി എന്ന കഥാപാത്രം ചിന്തിക്കുന്നത് പ്രേക്ഷകന് വ്യക്തമാണ്.