പാ രഞ്ജിത്തിന്‍റെ ആദ്യ സ്‌പോർട്‌സ് ഡ്രാമ ചിത്രം... വമ്പൻ താരനിരയെ അണിനിരത്തി നീലം പ്രൊഡക്ഷൻസിന്‍റെയും കെ9 സ്റ്റുഡിയോസിന്‍റെയും ബാനറിൽ നിർമിച്ച സാർപട്ടാ പരമ്പരൈ ആമസോൺ പ്രൈമിലൂടെ ജൂലൈ 22ന് തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസിനെത്തി.
എഴുപതുകളുടെ പശ്ചാത്തലത്തിൽ വടക്കൻ ചെന്നൈയിലെ ബോക്‌സിങ് പാരമ്പര്യത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ ആര്യക്കൊപ്പം ജോൺ കൊക്കെൻ, പശുപതി, ദുഷാര വിജയൻ, കലൈയരസൻ, സന്തോഷ് പ്രതാപ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.
കബിലനെന്ന ബോക്‌സറായാണ് ആര്യ വേഷമിട്ടത്. മൾട്ടി- സ്റ്റാർ ചിത്രത്തിൽ വെട്രിസെൽവനായി കലൈയരസനും വേമ്പുലിയായി ജോൺ കൊക്കെനും രാമനായി സന്തോഷ് പ്രതാപും മികവുറ്റ പ്രകടനം കാഴ്‌ചവച്ചു.
വമ്പൻ മേക്കോവറിലുള്ള താരങ്ങളുടെ വർക്ക്‌ഷോപ്പ് വീഡിയോകളും പരിശീലനവുമെല്ലാം ഇതിനോടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം, പാ രഞ്ജിത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന പ്രതികരണവുമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ സിനിമ നേടുന്നത്.
ചിത്രത്തിന്‍റെ വിശേഷവുമായി സാർപട്ടാ പരമ്പരൈ താരങ്ങൾക്കൊപ്പം...
ജോൺ കൊക്കെൻ സാർപട്ടാ വിശേഷങ്ങളുമായി
ബാഹുബലി പോലെയൊരു വമ്പൻ ചിത്രത്തിന്‍റെ ഭാഗമായിരുന്നു ജോൺ കൊക്കെൻ. എന്നാൽ, പഴയ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ കഥാപാത്രമാണ് സാർപട്ടായിലേക്ക് വരുമ്പോൾ. ചിത്രത്തിലെ വേമ്പുലി എന്ന കഥാപാത്രത്തെ കുറിച്ച് പറയാനുള്ളത്?
എന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത് മലയാള സിനിമയിൽ നിന്നാണ്. മമ്മൂട്ടിയുടെ ലവ് ഇൻ സിംഗപ്പൂരിൽ വില്ലനായി അഭിനയിച്ചുതുടങ്ങി. പിന്നീട് മോഹൻലാലിനൊപ്പം അലക്‌സാണ്ടർ ദി ഗ്രേറ്റ്, സുരേഷ് ഗോപിക്കൊപ്പം ഐജി ചിത്രങ്ങളിലും പ്രതിനായകനായി വേഷമിട്ടു.
തമിഴ്, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായി. എന്നാൽ, സാർപട്ടായിലെ വേമ്പുലി വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ്. എഴുപതുകളിലെ ഭാഷ വളരെ വ്യത്യസ്‌തമാണ്. ചിത്രത്തിൽ ബോക്‌സറായുള്ള കഥാപാത്രത്തിനും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ശാരീരികമായും ഭാഷാശൈലിയിലായാലും വലിയ തയ്യാറെടുപ്പുകൾ എടുത്തിരുന്നു.
രഞ്ജിത്ത് സാറിനെ ഇംപ്രസ് ചെയ്യുക എന്നത് അൽപം പ്രയാസമായിരുന്നു. അതിന് വേണ്ടി നന്നായി പരിശ്രമിച്ചുവെന്നും ജോൺ കൊക്കെൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കൂടുതൽ സീനുകളും ആര്യയുടെ കബിലനുമായാണ്. എങ്ങനെയായിരുന്നു ആര്യയുമായുള്ള സ്ക്രീൻ അനുഭവം?
ആര്യയുമായും സന്തോഷ് പ്രതാപുമായും ആയിരുന്നു ഏറ്റവും കൂടുതൽ സീനുകളും. ശരിക്കും ബോക്‌സിങ് ചെയ്യുന്നത് പോലെയായിരുന്നു ഷൂട്ടിങ്. ഞാൻ അടിച്ച് സന്തോഷ് പ്രതാപിന്‍റെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയൊരു അനുഭവം നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല.
ആര്യ ഒരു താരമായല്ല പെരുമാറിയിരുന്നത്. വളരെ സഹകരണത്തോടെ അഭിനയിച്ചു. ക്ലൈമാക്‌സ് സീൻ ഒക്കെയായപ്പോൾ ആര്യയും ഞാനും തമ്മിൽ ശരിക്കും ബോക്‌സിങ് റിങ്ങിൽ ഫൈറ്റ് ചെയ്യുകയായിരുന്നു. ഇടിക്കുന്ന ശബ്ദം കേട്ടാലാണ് രഞ്ജിത്ത് ഓകെ പറയുന്നത്. ആര്യയൊക്കെ ക്ലൈമാക്‌സ് ആയപ്പോൾ ശരിക്കും അടിക്കാൻ പറഞ്ഞു. അത്രക്ക് എല്ലാരും പരിശ്രമിച്ചതിനാൽ തന്നെ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഇത് വലിയ അനുഭവമായിരുന്നു.
സാർപട്ടാ ഒരു കരിയർ ബ്രേക്ക് ചിത്രമായിരിക്കും എന്ന് പറയാമോ?
അതെ. ഉറപ്പായും ഞങ്ങൾക്കെല്ലാവർക്കും സാർപട്ടാ ഒരു കരിയർ ബ്രേക്ക് ആയിരിക്കും. സന്തോഷ് പ്രതാപ് വഴിയാണ് ഞാൻ ഈ ചിത്രത്തിലേക്ക് വരുന്നത്. സീഫൈവിൽ ഞങ്ങൾ ഒരുമിച്ച് ഒരു വെബ് സീരീസിൽ അഭിനയിച്ചു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പാ രഞ്ജിത്തിലേക്ക് എത്തിച്ചത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ എല്ലാവർക്കും ഈ സിനിമയും പ്രാധാന്യമുള്ളതാണ്.
സന്തോഷ് പ്രതാപ്സാർപട്ടാ വിശേഷങ്ങളുമായി
പാ രഞ്ജിത്തിന്‍റെ ആദ്യ സ്‌പോർട്‌സ് ഡ്രാമ. ഒരു വമ്പൻ താരനിരക്കൊപ്പം സാർപാട്ടയുടെ ഭാഗമായപ്പോഴുള്ള അനുഭവം?