നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാര്‍ ലവ്’ തിയേറ്ററുകളിലെത്തി. ഒരു താരരഹിത ചിത്രവും അതിലെ അഭിനേതാക്കളും റിലീസിന് മുൻപ് ഇത്രമേൽ ചർച്ചയാവുന്നത് മലയാളസിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.
കേരളത്തിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂൾ പശ്ചാത്തലമാക്കി ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പ്രിയാ പ്രകാശ് വാരിയർ പ്രിയാ വാര്യർ എന്ന പേരിലും റോഷൻ അബ്ദുൽ റൗഫ്, റോഷൻ എന്ന പേരിലും തന്നെ പ്ലസ് വൺ വിദ്യാർത്ഥികളായി എത്തുന്ന പടത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായ ഗാദ ജോണിനെ അവതരിപ്പിക്കുന്നത് നൂറിൻ ഷെരീഫ് ആണ്. ഇവർക്കിടയിലെ സൗഹൃദവും പ്രണയവും അധ്യാപകരുടെ അബദ്ധങ്ങളുമൊക്കെയാണ് കഥ. എങ്കിലും പ്രണയത്തിനാണ് ചിത്രത്തില്‍ മുൻതൂക്കം എന്ന് പറയാതെ വയ്യ.
ലോജിക്കിനെ പടിക്ക് പുറത്ത് നിർത്തി കാണേണ്ട ചിത്രമാണ് 'ഒരു അഡാറ് ലൗ'. ഇങ്ങനെ പ്രണയിക്കാൻ മാത്രം നടക്കുന്ന പിള്ളേരും അഞ്ച് പൈസയ്ക്ക് വിവരമില്ലാത്ത അധ്യാപകരും മാത്രമുള്ള ഒരു സ്കൂൾ ഏതാണെന്ന് പ്രേക്ഷകർ സ്വാഭാവികമായും ചിന്തിച്ചേക്കാം.
റോഷന്‍റെ ആത്മസുഹൃത്താണ് ഗാദ. ക്ലാസിലെ മറ്റ് കുട്ടികളെ പോലെ പ്രണയിച്ച് നടക്കാന്‍ താല്‍പര്യമുള്ളവളല്ല ഗാദ. സൗഹൃദമാണ് അവൾക്കെല്ലാം. കൂട്ടുകാരുടെ പ്രണയം സെറ്റാക്കി കൊടുക്കുന്ന, ആണ്‍കുട്ടികളുടെ തോളില്‍ കൈയിട്ട് നടക്കുന്ന ജോളിയായ കഥാപാത്രം. ആദ്യ പകുതിയില്‍ പ്രിയയുടെ പിന്നാലെ നടക്കുന്ന റോഷനും അവനെ സഹായിക്കുന്ന ഗാദയടക്കമുള്ള സുഹൃത്തുക്കളെയുമാണ് കാണിക്കുന്നത്. രണ്ടാം പകുതിയില്‍ കഥ വഴി മാറുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ റോഷനും പ്രിയയും പിരിയുന്നു. പിന്നെ ഇരുവരെയും ഒരുമിപ്പിക്കാനുള്ള ഗാദയുടേയും സംഘത്തിന്‍റെയും ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത് അപ്രതീക്ഷിതമായ ഒരു അന്ത്യത്തിലേക്കാണ്.
ഒമർ ലുലുവിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങൾ എടുത്ത് നോക്കിയാല്‍ അവയില്‍ കഥയ്ക്കോ തിരക്കഥയ്ക്കോ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഒരു അഡാർ ലൗവും ആ പാത തന്നെ പിന്തുടരുന്നു. കോമഡിയെന്നോ ചളിയെന്നോ വിശേഷിപ്പിക്കാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സംവിധായകൻ ചിത്രത്തില്‍ കുത്തി തിരികിയിട്ടുണ്ട്. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവരുടെയെല്ലാം ലക്ഷ്യം ചിരിപ്പിക്കുക എന്നതാണ്. അതിനായി സ്ത്രീ വിരുദ്ധത, റേസിസം, ദ്വയാര്‍ത്ഥം എന്നിവയുടെയൊക്കെ കൂട്ട് പിടിച്ചിട്ടുണ്ട്. പക്ഷെ ഒമറിന്‍റെ മുൻ ചിത്രങ്ങളിലൊന്നായ ‘ചങ്ക്‌സി’നോളം വള്‍ഗര്‍ ആയിട്ടില്ലെന്നതാണ് ‘അഡാര്‍ ലവ്’ പ്രേക്ഷകന് നൽകുന്ന ആശ്വാസം. എന്നാൽ ‘ഹാപ്പി വെഡ്ഡിങ്’ പോലൊരു എന്‍റര്‍ടെയ്‌നർ ലെവലിലേക്ക് ചിത്രം ഉയർന്നതുമില്ല.
ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങള്‍ അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. റോഷനും പ്രിയയും നൂറിനും തങ്ങളുടെ റോളുകള്‍ പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പടത്തിന്‍റെ റിലീസിന് മുന്നുള്ള താരം പ്രിയാ വാര്യർ ആയിരുന്നെങ്കിൽ പടം കണ്ട് കഴിഞ്ഞുള്ള താരങ്ങൾ നൂറീൻ ഷെരീഫും റോഷനും ആണ്. കണ്ണിറുക്കല്‍ പ്രിയക്ക് നേടി കൊടുത്ത പ്രശസ്തി കാരണം അവരുടെ പല രംഗങ്ങളും ചിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പലപ്പോഴും തോന്നുന്നുണ്ട്. പിടി മാഷിന്‍റെ റോൾ ഹരീഷ് കണാരൻ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്.
വൈറലായ 'മാണിക്കമലരായ പൂവി' മുതല്‍ കലാഭവന്‍ മണിക്കുള്ള സമർപ്പണം വരെയായി എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര പാട്ടുകളാണ് ചിത്രത്തിലുള്ളത്. മിക്ക പാട്ടുകൾക്കും കഥയിൽ വലിയ പ്രാധാന്യമൊന്നുമില്ല. ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മണിയുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനവും വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്കമലരായ പൂവി’യുമാണ് പാട്ടുകളുടെ കൂട്ടത്തിൽ മികവ് പുലർത്തുന്നത്.
ആഘോഷഭരിതമായി 134 മിനിട്ടും മുന്നോട്ട് കൊണ്ടുപോയ സിനിമയെ ചങ്ക് പറിഞ്ഞ് പോവുന്ന ട്രാജഡി ആയി അവസാനിപ്പിക്കാനുള്ള ധീരതയും ഒമർ കാണിക്കുന്നു. അവസാനത്തെ പത്ത് മിനിറ്റ് സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞതാണെന്ന് പറയാതെ വയ്യ. തിയേറ്ററില്‍ പോയി മികച്ച ഉള്ളടക്കമുള്ള സിനിമ കണ്ട് ആസ്വദിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ക്ക് തീര്‍ച്ചയായും ഒഴിവാക്കാവുന്ന ചിത്രമാണ് 'ഒരു അഡാര്‍ ലവ്'. എന്നാല്‍ അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍, കണ്ടിരിക്കാവുന്ന ഒരു പടവും.