മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ സംവിധായകൻ മഹി വി രാഘവും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു. മഹി ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായും ആണ് ടോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.
‘യാത്ര’യുടെ സംവിധായകനും ദുല്‍ഖറും ഒന്നിക്കുന്നു - mahi v raghav
വൈഎസ്ആർ റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു 'യാത്ര'. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു വൈഎസ്ആറായി വേഷമിട്ടത്. മമ്മൂട്ടിയുടെ മകൻ ദുല്‍ഖർ സല്‍മാനെ വെച്ച് തന്നെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ.
നിലവില്‍ തിരക്കഥയുടെ പണിപ്പുരയിലാണ് മഹിയെന്നാണ് വിവരം. തെലുങ്കിലെ അരങ്ങേറ്റ ചിത്രം 'മഹാനടി' വന്‍ വിജയമായതിന്‍റെ ബോണസ് ദുല്‍ഖറിനുണ്ട്. തെന്നിന്ത്യയില്‍ വന്‍ ഹിറ്റായി മാറിയ ‘മഹാനടി’ എന്ന ചിത്രത്തില്‍ തമിഴ് നടിയായിരുന്ന സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനായിട്ടായിരുന്നു ദുല്‍ഖര്‍ വേഷമിട്ടത്.
ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രവും പ്രകടനവുമായിരുന്നു 'മഹാനടി'യിലേത്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്‍റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ബോളിവുഡില്‍ സോയാ ഫാക്ടര്‍ എന്ന ചിത്രവും ദുല്‍ഖറിന്‍റേതായി പുറത്തുവരാനുണ്ട്.