മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന് സമാനമായി തെലുങ്ക് സിനിമയിലും വനിത കൂട്ടായ്മ. 'വോയ്സ് ഓഫ് വിമൻ' എന്ന് പേരിട്ടിരിക്കുന്ന സംഘടന നടി ലക്ഷ്മി മാഞ്ചു, നിർമ്മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അവതാരകയും നടിയുമായ ഝാൻസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടിരിക്കുന്നത്.
ഡബ്ല്യുസിസിക്ക് പിന്നാലെ 'വോയ്സ് ഓഫ് വിമൻ'
ഡബ്ല്യുസിസി രണ്ട് വർഷം പിന്നിടുമ്പോൾ തെലുങ്ക് സിനിമയിലും സമാനമായ സ്ത്രീ മുന്നേറ്റം ഉണ്ടായിരിക്കുകയാണ്.
തെലുങ്ക് സിനിമയിലെ വിവിധ മേഖലകളിലുള്ള എണ്‍പതിലധികം സ്ത്രീകളാണ് വോയ്സ് ഓഫ് വിമനില്‍ അംഗങ്ങളായുള്ളത്. സിനിമയില്‍ സ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്തുക. അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോരാടുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങൾ വ്യക്തമാക്കി. ''തെലുങ്ക് സിനിമാ മേഖലയിലെ സത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് വോയ്‌സ് ഓഫ് വിമൺ. അഞ്ച് പേർ ചേർന്നാണ് സംഘടന ആരംഭിച്ചതെങ്കിലും ഇപ്പോൾ 80 സ്ത്രീകളുള്ള ഒരു കുടുംബമാണ് വോയ്‌സ് ഓഫ് വിമൺ. തൊഴിലിടത്തെ ലിംഗസമത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് സംഘടനയുടെ പ്രധാനലക്ഷ്യം. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് തങ്ങളാൽ കഴിയുന്നത് പോലെ പരിഹാരം കാണും'', നടി ലക്ഷ്മി മാഞ്ചു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ ഒരു കൂട്ടം നടിമാര്‍ ചേര്‍ന്ന് ഡബ്ല്യുസിസി എന്ന വനിത കൂട്ടായ്മ രൂപീകരിച്ചത്. 2017ല്‍ സ്ഥാപിതമായ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.