സ്വന്തം ജീവിതത്തിൽ തന്നെ ശുചിത്വപാഠങ്ങൾ പകർത്തി മാതൃകയാവുകയാണ് ഹനീഫ സാറ എന്ന കൊച്ചുമിടുക്കി. സൺ ടിവിയിൽ ‘നമ്മ ഒരു ഹീറോ’ എന്ന പരിപാടിയിലൂടെ വിജയ് സേതുപതിയാണ് ഏഴുവയസ്സുകാരിയായ ഹനീഫ സാറയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
വീട്ടില്‍ ശൗചാലയം ഇല്ല, അച്ഛനെതിരെ പരാതി നല്‍കി മകൾ; കൈയ്യടിച്ച് വിജയ് സേതുപതി - വിജയ് സേതുപതി
“ഇന്നത്തെ അതിഥി വളരെ ചെറിയ കുട്ടിയാണെങ്കിലും നമ്മൾ മുതിർന്നവർക്ക് ഹനീഫയെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്,” എന്ന മുഖവുരയോടെയായിരുന്നു വിജയ് സേതുപതി ഹനീഫയെ വേദിയിലേക്ക് ക്ഷണിച്ചത്.
![വീട്ടില്‍ ശൗചാലയം ഇല്ല, അച്ഛനെതിരെ പരാതി നല്‍കി മകൾ; കൈയ്യടിച്ച് വിജയ് സേതുപതി](https://etvbharatimages.akamaized.net/etvbharat/images/768-512-2639634-830-896f8677-7dfd-4e08-af87-260b4571c930.jpg)
വെല്ലൂർ ജില്ലയിലെ ആമ്പൂരിലെ ഹെയ്സാനുള്ള, മെഹനിൻ ദമ്പതികളുടെ മകളാണ് രണ്ടാം ക്ലാസ്സുകാരിയായ ഹനീഫ സാറ. വീട്ടിൽ ശൗചാലയം ഇല്ലാത്തതിന്‍റെ പേരിൽ സ്വന്തം അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കിയാണ് ഈ മിടുക്കി വാർത്തകളിൽ ഇടം പിടിച്ചത്. വെറുതെ പരാതി കൊടുക്കുക മാത്രമല്ല, വീട്ടിൽ ശൗചാലയം എന്ന സ്വപ്നം പൂർത്തീകരിക്കുകയും ചെയ്തു ഹനീഫ. “ശൗചാലയം ഉപയോഗിക്കണം വീടിന് പുറത്ത് പോകരുത് എന്നൊക്കെ സ്കൂളിൽ പഠിപ്പിക്കുന്നു. ടിവി പരസ്യങ്ങളിലും അതു തന്നെ കാണുന്നു. വീട്ടിൽ വന്ന് അതേ തെറ്റുതന്നെ ചെയ്യുമ്പോൾ എനിക്ക് നാണക്കേടായി,” എന്തിനാണ് അച്ഛനെതിരെ പരാതി നൽകിയത് എന്ന വിജയ് സേതുപതിയുടെ ചോദ്യത്തിന് ഹനീഫ മറുപടി പറഞ്ഞതിങ്ങനെ.
ഹനീഫയുടെ കഥ അറിഞ്ഞതോടെ കളക്ടർ എസ്.എ. രാമൻ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ഹനീഫയുടെ വീട്ടിൽ ശൗചാലയം നിർമ്മിച്ചു നൽകി. ഒപ്പം ശൗചാലയങ്ങൾ ഇല്ലാത്ത ചുറ്റുവട്ടത്തുള്ള നൂറോളം വീടുകളിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കാനും കളക്ടർ തയ്യാറായി. ആമ്പൂർ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഹനീഫ ഇന്ന്.