ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ 800 മീറ്റർ സ്വർണം നേടി ഇന്ത്യൻ ജനതയുടെ അഭിമാനമായി മാറിയ ഗോമതി മാരിമുത്തുവിന് സമ്മാനവുമായി നടൻ വിജയ് സേതുപതി. തമിഴ്‌നാട് സ്വദേശിയായ ഗോമതി മാരിമുത്തുവിന്‍റെ കഷ്ടതകള്‍ കേട്ടറിഞ്ഞ മക്കൾ സെല്‍വൻ വിജയ് സേതുപതി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനിച്ചത്.
രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് 800 മീറ്റര്‍ ഓടിയിട്ടുള്ള കസഖ്സ്ഥാന്‍ താരം മാര്‍ഗരിറ്റയേയും ചൈനയുടെ വാങ് ചുന്‍ യുവിനേയും പിന്നിലാക്കിയായിരുന്നു ഗോമതിയുടെ സ്വര്‍ണ നേട്ടം. കടുത്ത ജീവിത പ്രാരാബ്ദങ്ങൾ മറികടന്നാണ് ഈ സുവർണ്ണ നേട്ടം ഗോമതി കരസ്ഥമാക്കിയത്. അച്ഛനായിരുന്നു തന്‍റെ ഏറ്റവും വലിയ കരുത്തെന്നാണ് സ്വര്‍ണ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് ഗോമതി പറഞ്ഞത്.
''വീട്ടില്‍ പലപ്പോഴും കുറച്ച് ഭക്ഷണമാണുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാന്‍ പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന്‍ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന്‍ വിശപ്പകറ്റുക. ആ വേദന ഇന്നും എന്‍റെ ഉള്ളിലുണ്ട്. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മയിലെത്തും. ഈ നിമിഷത്തില്‍ അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്‍റെ ദൈവം തന്നെയാണ് അച്ഛന്‍,'' ഗോമതിയുടെ വാക്കുകള്‍ എല്ലാവരേയും കണ്ണീരണിയിക്കുന്നതായിരുന്നു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ച് വര്‍ഷമായി ബെംഗളുരുവില്‍ ഇന്‍കം ടാക്‌സ് വകുപ്പിലാണ് ജോലി നോക്കുന്നത്. പ്രകടനത്തില്‍ പുരോഗതിയില്ലെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഗോമതിയെ പുറത്താക്കിയിരുന്നു. എന്നാല്‍ 'താന്‍ പോരാ' എന്ന് പറഞ്ഞ അതേ പരിശീലകന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പരിശീലനം ആരംഭിച്ചപ്പോള്‍ ഈ സ്വര്‍ണ നേട്ടം ഗോമതിയും പ്രതീക്ഷിച്ചില്ല.