വിജയുടെ ബിഗ് ബജറ്റ് ചിത്രം ബിഗിലിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയത്.
ബിഗില്‍ കേരളത്തിലെത്തിക്കാൻ പൃഥ്വിരാജും ലിസ്റ്റിനും - prithviraj productions
രജനികാന്ത് നായകനായെത്തിയ 'പേട്ട'യും കേരളത്തില്‍ പ്രദർശനത്തിനെത്തിച്ചത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നായിരുന്നു.
എത്ര തിയേറ്ററുകളിൽ ചിത്രം റിലീസിനെത്തും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലുള്ളപ്പോള്‍ ബിഗിലിന്‍റെ റിലീസിനും ഇത് തടസ്സമാകും. തമിഴ്‌നാട് കഴിഞ്ഞാല്‍ വിജയ്‌ക്ക് ഏറ്റവുമധികം ആരാധകരുള്ളത് കേരളത്തിലാണ്. മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങൾക്ക് ലഭിക്കുന്ന അതേ പ്രോത്സാഹനമാണ് വിജയ് ചിത്രങ്ങൾക്കും കേരളത്തിൽ ലഭിക്കുന്നത്.
പ്രഖ്യാപന വേള മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രമാണ് 'ബിഗില്‍'. 'തെരി'ക്കും 'മെര്‍സലി'നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാക്കി ഷ്രോഫ്, കതിര്‍, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബർ ഇരുപത്തിയേഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.