സമീപ കാലത്തെ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ച വിജയം നേടിയ ഒന്നായിരുന്നു പാർവ്വതി, ടൊവിനോ, ആസിഫ് അലി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘ഉയരെ’. ചിത്രം നൂറ് ദിവസം പിന്നിടുമ്പോൾ സന്തോഷവും നന്ദിയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവ്വതി. തന്‍റെ ഫേസുബുക്ക് പേജിലൂടെയാണ് പാർവ്വതി ഇക്കാര്യം അറിയിച്ചിരിക്കുന്നു.
ചിത്രം റിലീസ് ചെയ്തത് മുതൽ സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് പല്ലവിമാരുടേയും ഗോവിന്ദുമാരുടേയും തുറന്ന് പറച്ചിലുകൾ കണ്ടെന്നും ചിത്രം കണ്ട പലരും തനിക്ക് കത്തുകൾ എഴുതിയെന്നും പറഞ്ഞ പാർവ്വതി അതെല്ലാം താൻ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും പറഞ്ഞു. ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഉയരെ ടീമിന് പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു എന്നും പാർവ്വതി പറഞ്ഞു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ വേഷമിട്ടത്. ഏറെ കയ്യടികള്‍ നേടിയ വേഷമായിരുന്നു പല്ലവി. തന്‍റെ അഭിനയ ശൈലികൊണ്ടും കഥാപാത്രത്തിന്‍റെ കരുത്തുകൊണ്ടും പാര്‍വ്വതി പല്ലവിയെ മികവുറ്റതാക്കി. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീമിന്‍റേതായിരുന്നു തിരക്കഥ.