ജിമ്മില്‍ കടുത്ത വർക്കൗട്ട് നടത്തുന്ന നടൻ ടൊവിനോ തോമസിന്‍റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ടൊവിനോ പൊലീസുകാരനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം കല്‍ക്കിക്ക് വേണ്ടിയാണ് താരത്തിന്‍റെ പുതിയ തയ്യാറെടുപ്പ്.
'കല്‍ക്കി'ക്ക് വേണ്ടി മസ്സിലുണ്ടാക്കാൻ കഷ്ടപ്പെട്ട് ടൊവിനോ; വീഡിയോ - ടൊവിനോ
തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ടൊവിനോ തന്നെയാണ് വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
'എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ' എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അതികഠിനമായ വർക്ക് ഔട്ടുകളാണ് കൊച്ചി ഇടപ്പള്ളിയിലെ കാറ്റമൗണ്ട് ജിമ്മിലെ ട്രെയിനര്‍ ഷൈജൻ അഗസ്റ്റിൻ ടൊവിയെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. കഥാപാത്രമാകാന്‍ നൂറു ശതമാനം സമര്‍പ്പിക്കുന്ന നടന്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വില്ലന്‍ കഥാപാത്രമായി എത്തുന്ന ശിവ്ജിത്തും മസില്‍ പെരുപ്പിക്കാനുള്ള വര്‍ക്ക് ഔട്ടില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം ചെയ്യുന്ന 'കല്‍ക്കി' ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടൊവിയുടെ മാസ് ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള സിനിമക്കായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ കമന്‍റ് ചെയ്തിരിക്കുന്നത്.