ട്രാന്‍സ്‌ജെന്‍ഡറുകളുടെ അതിജീവനം പ്രമേയമാക്കി അമല്‍ ജെ പ്രസാദ് സംവിധാനം ചെയ്ത 'ത്രിശൂല്‍' ഹ്രസ്വചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധേയമാവുന്നു. സമൂഹത്തില്‍ അരിക് വത്കരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുകളുടെ അതിജീവനം പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുധിയാണ്.
ആണായി ജനിച്ച് പെണ്ണായി ജീവിക്കാനാഗ്രഹിക്കുന്നവരുടെ ജീവിതാനുഭവങ്ങള്‍ മറയില്ലാതെ ഹൃദയസ്‌പര്‍ശിയായി ചിത്രത്തില്‍ തുറന്നുകാട്ടുന്നു. തന്‍റെ ഉള്ളിലെ സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണായി ജീവിക്കാന്‍ കൊതിക്കുന്ന ശിവ. മകനെ പെണ്ണായി കാണാന്‍ ആഗ്രഹിക്കാത്ത വീട്ടുകാര്‍ അവനെ സമൂഹത്തിലേക്ക് വലിച്ചെറിയുന്നു.
ആത്മഹത്യയുടെ വക്കിലെത്തിയ ശിവ യാദൃശ്ചികമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ കണ്ടുമുട്ടുന്നു. ആരും അംഗീകരിക്കാത്ത തന്‍റെ ഇഷ്ടങ്ങളെ അയാളിലേക്ക് പകരാന്‍ ആ കൂടിച്ചേരല്‍ ഒരു കാരണമാകുന്നു.
ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്
ശിവയില്‍ നിന്ന് ശിവാനിയിലേക്കുള്ള മാറ്റത്തില്‍ അവനുണ്ടായിരുന്നത് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മുറിവേറ്റ അനുഭവങ്ങള്‍ മാത്രമാണ്. തോറ്റ് പിന്മാറാന്‍ തയാറല്ലാത്ത ശിവാനി തനിക്ക് തണലൊരുക്കിയവര്‍ക്ക് ഒപ്പം പുതിയ ജീവിതം പരിഭവങ്ങളില്ലാതെ അഭിമാനത്തോടെ ജീവിച്ച് തുടങ്ങുന്നു.
ക്യാന്‍വാസിന് മുന്നില്‍ ശിവയും ശിവാനിയുമായി സുധി നിറഞ്ഞുനില്‍ക്കുന്നു. ചിത്രത്തിന്‍റെ രചനയും സുധി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കാളിദാസ് ആര്‍ സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിൽ സിബിന്‍ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സിനിമ മോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നീണ്ടനാളത്തെ കാത്തിരിപ്പും പരിശ്രമവും കൂടിയാണ് ത്രിശൂല്‍. സിനിമാ സീഡ്‌സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് 23 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്.