ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്ത സലീം കുമാർ കേന്ദ്ര കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രമാണ് താമര. അച്ഛനുറങ്ങാത്ത വീട്, ആദാമിന്‍റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സലീം കുമാറിന്‍റെ മറ്റൊരു ശക്തമായ കഥാപാത്രത്തെയാണ് 'താമര'യില്‍ പ്രേക്ഷകന് കാണാൻ സാധിക്കുക.
കരയിപ്പിച്ചും ചിന്തിപ്പിച്ചും ഈ 'താമര' - താമര
ചിത്രം ഇതിനോടകം തന്നെ വിവിധ ഹ്രസ്വചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കുകയും മികച്ച സംവിധായകനടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
നാല് ദിവസങ്ങൾക്ക് മുമ്പ് യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സമൂഹമാധ്യമങ്ങളില്‍ 'ഷെയർ' ചെയ്യപ്പെടുന്ന സ്ത്രീ ശരീരങ്ങളുടെ നഗ്നത പങ്ക് വയ്ക്കുന്നത് ഒരു കുടുംബത്തിന്‍റെ വേദന കൂടിയാണെന്നുള്ള സന്ദേശമാണ് 'താമര' നല്‍കുന്നത്. പെൺമക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും മനസ് പൊള്ളിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അച്ഛനുറങ്ങാത്ത വീട്ടില്‍ പെൺമക്കളുടെ സുരക്ഷ ഓർത്ത് നീറുന്ന സലീം കുമാർ കഥാപാത്രത്തിന്‍റെ തുടർച്ചയായി തോന്നും താമരയിലെ മാധവേട്ടനും.
രവീന്ദ്ര ജയൻ, സിബി തോമസ്, ലൂക്ക് മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ്‌ക്, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് താമരയ്ക്കും രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷിജു എം ഭാസ്കർ നിർവ്വഹിച്ചിരിക്കുന്നു.