ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കായ 'നേർക്കൊണ്ട പാർവൈ' എന്ന ചിത്രത്തിന് ശേഷം 'തല' അജിത്തും ബോണി കപൂറും വീണ്ടും കൈകോർക്കുന്നു. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ പൊലീസുകാരനായിട്ടാണ് അജിത്ത് എത്തുന്നത്. 'നേർകൊണ്ട പാർവൈ'യുടെ സംവിധായകൻ എച്ച് വിനോദ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
അജിത്ത് വീണ്ടും കാക്കി അണിയുന്നു - thala ajith new movie
അജിത്തിന്‍റെ അറുപതാം ചിത്രം കൂടിയാണിത്.
കഥാപാത്രത്തിന് വേണ്ടി കായിക ക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് താരമെന്നാണ് റിപ്പോർട്ട്. 'തല 60' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം അജിത്തിന്‍റെ പിറന്നാൾ ദിനത്തില്‍ റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ഇത് അഞ്ചാമത്തെ തവണയാണ് അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്നത്. ഏകൻ, ആരംഭം, മങ്കാത്ത, യെന്നൈ അറിന്താല്‍ തുടങ്ങിയ ചിത്രങ്ങളിലും അജിത്ത് കാക്കിയണിഞ്ഞിരുന്നു.
''ചിത്രം ഒരു പക്ക എന്‍റർടെയ്നറായിരിക്കും. സെപ്റ്റംബറോടെ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. സംവിധായകൻ വിനോദ് സാറിന്‍റെ വർക്കിങ് സ്റ്റൈല്‍ ഇഷ്ടമായ അജിത്ത് പുതിയ സബ്ജക്ട് കൊണ്ട് വരാൻ ആവശ്യപ്പെടുകയായിരുന്നു'', ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സീ സ്റ്റുഡിയോയുമായി ചേർന്നാണ് ബോണി കപൂർ ചിത്രം നിർമ്മിക്കുന്നത്. ജിബ്രാനാണ് സംഗീതം നിർവ്വഹിക്കുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.