മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന താരത്തിന്‍റെ പ്രസ്‌താവനയെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ ദിവസം തേനി ജില്ലാ കലക്‌ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ താരത്തിന്‍റെ കോലം കത്തിക്കുകയായിരുന്നു.
പൃഥ്വിരാജിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചാണ് അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം രംഗത്ത് വന്നത്. താരത്തിന്‍റെ പ്രസ്താവന സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നാണ് ബ്ലോക്ക് പ്രവര്‍ത്തകരുടെ വാദം. പൃഥ്വിരാജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കളക്‌ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും സംഘടനാ ജില്ലാ സെക്രട്ടറി എസ്.ആര്‍.ചക്രവര്‍ത്തി അറിയിച്ചു.
അതേസമയം തമിഴ് സിനിമയില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എംഎല്‍എയുമായ വേല്‍മുരുകന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന് അഭിപ്രായപ്പെട്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. 'വസ്‌തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, ഈ 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്‌ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമ്മുക്ക് ഭരണകൂടത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, ഭരണകൂടം ശരിയായ തീരുമാനം എടുക്കണമെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.' -ഇപ്രകാരമായിരുന്നു പൃഥ്വിരാജിന്‍റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്. കേരളത്തില്‍ ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.
Read Also:'ഒരു ന്യായീകരണവും ഇല്ല... പൊളിച്ചേ പറ്റൂ', മുല്ലപ്പെരിയാറില്‍ പൃഥ്വിരാജ്