കൊച്ചി: 2018ലെ മികച്ച സിനിമയ്ക്കുള്ള പത്മരാജൻ പുരസ്കാരം സ്വന്തമാക്കി 'സുഡാനി ഫ്രം നൈജീരിയ'. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണൻ എന്നിവർ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
പത്മരാജൻ പുരസ്കാരം സുഡാനി ഫ്രം നൈജീരിയക്ക് - പത്മരാജൻ പുരസ്കാരം
മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രിയ സിനിമ, മികച്ച സ്വഭാവനടി, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ച് സംസ്ഥാന പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു

ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, ജി അരവിന്ദൻ പുരസ്കാരം, മോഹൻ രാഘവൻ പുരസ്കാരം, സിനിമാ പാരഡൈസോ ക്ലബ്ബ് സിനി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളാണ് ചിത്രം ഇതുവരെ കരസ്ഥമാക്കിയത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം ആദരിക്കപ്പെട്ടിരുന്നു. ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഇന്ത്യന്‍ പനോരമയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
മലപ്പുറത്തിന്‍റെ ജീവിതവും കാൽപ്പന്ത് കളിയോടുള്ള സ്നേഹവും പറഞ്ഞ ചിത്രമായിരുന്നു സൗബിൻ ഷാഹിർ മുഖ്യവേഷത്തിലെത്തിയ ‘സുഡാനി ഫ്രം നൈജീരിയ’. മലപ്പുറത്തെ ഫുട്ബോൾ പ്രേമിയായ മജീദും അയാളുടെ ഫുട്ബോൾ ക്ലബ്ബിൽ കളിക്കാനെത്തിയ നൈജീരിയക്കാരനായ സാമുവലും തമ്മിലുള്ള സൗഹൃദവും സ്നേഹവും ആത്മബന്ധവുമൊക്കെ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്. നവാഗതനായ സക്കരിയയായിരുന്നു ചിത്രം ഒരുക്കിയത്.