അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് പിറന്നാൾ ആശംസകൾ നേർന്ന് ഉറ്റസുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സ്റ്റീഫൻ പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്.
പിറന്നാൾ ആശംസകൾ ബാലാ, ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു; ബാലഭാസ്കറിനെ ഓർത്ത് സ്റ്റീഫൻ ദേവസി - ബാലഭാസ്കർ
ജീവിച്ചിരുന്നെങ്കില്‍ ബാലുവിന്‍റെ 41ാം പിറന്നാൾ ദിനമായിരുന്നു ഇന്ന്.
'പിറന്നാളാശംസകൾ ബാലാ. നമ്മൾ പങ്കുവച്ച, ഓർമ്മകൾ, തമാശകൾ, ആ ചിരി എല്ലാം ഞാൻ എന്നെന്നും ഓർമ്മിക്കും. നീ എനിക്കെന്നും സ്പെഷ്യലാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു', ബാലഭാസ്കറിനും ശിവമണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് സ്റ്റീഫൻ കുറിച്ചു. നിരവധി സ്റ്റേജ് പരിപാടികൾ ഒരുമിച്ച് അവതരിപ്പിച്ച ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. കീബോർടെടുത്ത് സ്റ്റീഫനും വയലിനുമായി ബാലുവും വേദിയിലെത്തുന്നത് കാണികൾക്ക് ആവേശമായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് തൃശൂരില്‍ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴി ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് മകൾ തേജസ്വിനി സംഭവസ്ഥലത്ത് വച്ചും ബാലഭാസ്കർ ഒക്ടോബർ രണ്ടിന് സ്വകാര്യ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലുവിന്‍റെ ഭാര്യ ലക്ഷ്മി മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരംഭിച്ചിരിക്കുകയാണ്.