സഹപ്രവർത്തകൻ ഉത്സവ് ചക്രബർത്തിക്കെതിരെ മീ ടു ആരോപണം ഉയർന്നിട്ടും നടപടി എടുക്കാതിരുന്നതിന്‍റെ പേരില്‍ പ്രശസ്ത കോമഡി ഗ്രൂപ്പായ എഐബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ തന്മയ് ഭട്ടിനെ പുറത്താക്കിയിരുന്നു. നിരപരാധി ആയിരുന്നിട്ട് കൂടി തന്മയിയുടെ ജീവിതത്തില്‍ മീ ടൂ തീർത്ത വെല്ലുവിളി വളരെ വലുതായിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭട്ട് ഇപ്പോള്‍.
ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട് വീഡിയോയിലാണ് ഭട്ട് തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് വിവരിച്ചത്. 'ഒക്ടോബറിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഞാന്‍ മാനസികമായി തകര്‍ന്നു. എന്‍റെ ശരീരം തളര്‍ന്ന് പോയി എന്നാണ് എനിക്ക് തോന്നുന്നത്. ആളുകളുമായി ഇടപെടാന്‍ കഴിയാതെയായി. എന്‍റെ യൗവ്വനം ഞാന്‍ ഒരു കമ്പനി വളര്‍ത്താനായാണ് ഉപയോഗിച്ചത്. എന്നിട്ടും ആ ഓഫീസ് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥ എന്നെ പിടിച്ചുലച്ചു. എനിക്കൊപ്പം ജോലി ചെയ്തവരോട് യാത്രപറയേണ്ടി വന്നത് എന്നെ മാനസികവും ശാരീരികവുമായി അസ്വസ്ഥനാക്കി. ഞാന്‍ വിഷാദരോഗത്തിന് അടിമയായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,' ഭട്ട് വീഡിയോയില്‍ പറയുന്നു.