നായകനേക്കാള്‍ ഗ്ലാമര്‍ കുറവാണ് നായികയ്ക്ക് എന്ന് പറഞ്ഞ് സംസ്ഥാന അവാര്‍ഡ് ജേതാവ് നിമിഷ സജയന് ഫാന്‍സ് ഗ്രൂപ്പില്‍ നിന്നടക്കം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായികയും നടിയുമായ സൗമ്യ സദാനന്ദന്‍. ഇത് അവളെ വളരെ അധികം തളര്‍ത്തിയെന്നാണ് നിമിഷയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റില്‍ സൗമ്യ പറയുന്നത്. സൗമ്യ സംവിധാനം ചെയ്‌ത മാംഗല്യം തന്തുനാനേന എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള മോശം വിമര്‍ശനങ്ങൾ നിമിഷയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ്റെ നായികയായാണ് നിമിഷ എത്തിയത്. ചോല, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നിമിഷയ്ക്ക് ലഭിച്ചത്.
കുഞ്ചാക്കോ ബോബൻ്റെ നായികയാവാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന് ചില ഫാന്‍സ് അസോസിയേഷനും പ്രേക്ഷകരും വിമര്‍ശിക്കുകയായിരുന്നു. അന്ന് നിമിഷ കരഞ്ഞുകൊണ്ട് തന്നെ വിളിച്ചെന്ന് സൗമ്യ പറയുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നും നിമിഷയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും സൗമ്യ കുറിച്ചു .
സൗമ്യ സദാനന്ദൻ്റെഫേസ്‌ബുക്ക് കുറിപ്പ്:
ഒരുപാട് വിഷമിച്ച് നിമ്മി എന്നെ വിളിച്ച ദിവസം ഓര്‍മയുണ്ട്. അവള്‍ കരയുകയായിരുന്നു. അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എൻ്റെമനസ് തകര്‍ത്തു. എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എൻ്റെ നായകനേക്കാൾ നായികക്ക് ഗ്ലാമർ കുറവാണന്ന് ചില ഫാൻസ് അസോസിയേഷനുകളും പ്രേക്ഷകരും വിമർശനം ഉയർത്തുന്നു. ഇത് ആ പെണ്‍കുട്ടിയുടെ ഉത്സാഹത്തെ കൊല്ലുന്നതായിരുന്നു. വിടരാനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പൂമൊട്ടായിരുന്നു അവൾ. എന്നാൽ സൂര്യപ്രകാശം കാണുന്നതിനു മുമ്പേ ആളുകൾ ആളുകൾ അതിനെ നശിപ്പിച്ചു കളയാനാണ് തീരുമാനിച്ചത്. ലോകത്തിൻ്റെ സൗന്ദര്യം കാണുന്നതിന് മുമ്പേ ഇല്ലാതാക്കുന്നപോലെ. എൻ്റെ പാവം പൂമൊട്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിൻ്റെ ജീവിതം പറഞ്ഞാണ് അന്ന്ഞാന്‍ അവളെ സമാധാനിപ്പിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിൻ്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തൻ്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി വിമര്‍ശകരുടെ അഹങ്കാരവും വിഡ്ഢിത്തവും നിറഞ്ഞ വായ അടപ്പിച്ചത്. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്‍റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് നിൻ്റെ ഇരട്ട സെഞ്ച്വറിയാണ്. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് മറുപടി കൊടുക്കാന്‍ ഇതിലും നല്ല വഴിയില്ല.
എന്നെന്നും സ്നേഹത്തോടെ.