മലയാളത്തിലെ മികച്ച നടനാര് എന്ന് ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസില്‍ വരുന്ന ആദ്യ മൂന്ന് പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിൽ. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തിയ ഫഹദിന്‍റെ 36-ാം ജന്മദിനമായിരുന്നു ഇന്നലെ.
ഷമ്മിയ്ക്ക് സജിയുടെ പിറന്നാൾ ആശംസ; സൗഹൃദ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ - ഫഹദ് ഫാസില്‍
പ്രിയകൂട്ടുകാരന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ സൗബിൻ സാഹിർ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു

പ്രിയകൂട്ടുകാരന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ സൗബിൻ സാഹിർ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിന്‍റെ അപൂർവ്വ ചിത്രങ്ങളാണ് സൗബിൻ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. “ജീവിതകാലത്തേക്കുള്ള സുഹൃത്തിന് ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹവും സന്തോഷവും ആശംസിക്കുന്നു. പിറന്നാളാശംസകൾ ഷാനു,”എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ സൗബിൻ ഷെയർ ചെയ്തിരിക്കുന്നത്.
വർഷങ്ങളായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രണ്ടുപേരാണ് ഫഹദും സൗബിനും. ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ സ്ക്രീൻ പങ്കിട്ട ഫഹദിന്‍റെയും സൗബിന്‍റെയും അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. നായകതുല്യമായ കഥാപാത്രമായി സൗബിൻ എത്തിയപ്പോൾ പ്രതിനായക വേഷത്തിലാണ് ഫഹദ് തിളങ്ങിയത്. ഫഹദിന് ആശംസകളുമായി ഭാര്യ നസ്രിയയും ഇൻസ്റ്റഗ്രാമിൽ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.