കേരളം

kerala

ETV Bharat / sitara

370ാം വകുപ്പിനെ കുറിച്ച് പ്രതികരിച്ച് സോനം; പിന്നാലെ ട്രോൾ മഴ

സോനത്തിന്‍റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തും അധിക്ഷേപിച്ചുമുള്ള ട്രോളുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സോനം

By

Published : Aug 20, 2019, 11:08 AM IST

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും കശ്മീർ പ്രശ്‌നത്തെ കുറിച്ചും അഭിപ്രായം പറഞ്ഞ ബോളിവുഡ് നടി സോനം കപൂറിനെതിരെ സൈബർ ആക്രമണം. ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോനത്തിന്‍റെ പ്രതികരണം.

ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിനെ കുറിച്ച് അഭിമുഖത്തില്‍ താരം നല്‍കിയ പ്രതികരണമാണ് ട്രോളുകൾക്ക് കാരണമായത്. ''ഈ വിഷയം കടന്നുപോകുന്നത് വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷം മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. എനിക്കിപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല. ഈ വിഷയത്തില്‍ വൈരുദ്ധ്യം നിറഞ്ഞ ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് സങ്കീര്‍ണമായൊരു വിഷയമാണ്. സത്യം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. പൂര്‍ണമായ വിവരങ്ങള്‍ മനസിലാക്കിയതിന് ശേഷം ഇതേക്കുറിച്ച് എന്‍റെ അഭിപ്രായം പറയാം'', സോനം പറഞ്ഞു. വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയാത്തതിനെ തുടർന്നാണ് ഒരുകൂട്ടം നെറ്റിസൺസ് സോനത്തിനെതിരെ വിമർശനവുമായി എത്തിയത്.

ബോളിവുഡ് സിനിമകള്‍ നിരോധിച്ച പാകിസ്താന്‍ നടപടിയിലുള്ള അതൃപ്തിയും അഭിമുഖത്തില്‍ സോനം കപൂര്‍ വെളിപ്പെടുത്തി. കലാകാരി എന്ന നിലയിൽ തന്‍റെ സിനിമ ലോകത്ത് എല്ലായിടത്തും പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും നിരോധനത്തിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു.

വിമർശനം രൂക്ഷമാവുന്നതിനിടെ പ്രതികരണവുമായി സോനവും രംഗത്തെത്തി. 'ദയവായി സംയമനം പാലിക്കുക. ഒരാൾ പറയുന്ന കാര്യം വളച്ചൊടിച്ച് നിങ്ങൾക്കാവശ്യമുള്ള തരത്തിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് അയാളുടെ പ്രതിഫലനമല്ല, നിങ്ങളുടേതാണ്. അതുകൊണ്ട് കണ്ണാടി നോക്കി നിങ്ങൾ ആരാണെന്ന് കാണുക. വല്ല ജോലിയും ചെയ്യുക.' സോനം കുറിച്ചു.

ABOUT THE AUTHOR

...view details