ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമായ ശ്രേയ തന്‍റെ യാത്രകളുടെയും സംഗീത പരിപാടികളുടെയും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു വിദേശ യാത്രക്കിടെ തനിക്കുണ്ടായ മോശം അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗായിക.
സംഗീതോപകരണം കയറ്റാൻ അനുവദിച്ചില്ല; എയർലൈൻസിനെതിരെ ശ്രേയ ഘോഷാല്‍ രംഗത്ത് - ശ്രേയ ഘോഷാല്‍
വിമാനത്തില്‍ സംഗീത ഉപകരണം ഒപ്പം കൊണ്ട് പോകാൻ സിംഗപ്പൂർ എയർലൈൻസ് അനുമതി നിഷേധിച്ചെന്ന ആരോപണവുമായാണ് ശ്രേയ രംഗത്തെത്തിയിരിക്കുന്നത്.
സിംഗപ്പൂർ എയർലൈൻസിനെതിരെയാണ് ശ്രേയയുടെ ട്വീറ്റ്. ''സിംഗപ്പൂർ എയർലൈൻസിന് പാട്ടുകാരോട് വലിയ താല്‍പര്യമില്ലെന്ന് തോന്നുന്നു. പാട്ടുകാരെ മാത്രമല്ല, വിലപിടിപ്പുള്ള സംഗീതോപകരണവുമായി ആരും യാത്ര ചെയ്യുന്നത് അവർക്ക് താല്‍പര്യമില്ല. നന്ദിയുണ്ട് ഈ പാഠം പഠിപ്പിച്ച് തന്നതിന്'', ശ്രേയ കുറിച്ചു.
ശ്രേയയുടെ ട്വീറ്റിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. വളരെ നല്ല സേവനം കാഴ്ച്ച വെയ്ക്കുന്ന വിമാന സര്‍വീസ് ആയ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനെക്കുറിച്ച് ഇത് പ്രതീക്ഷിച്ചില്ലെന്നും ശ്രേയ ഇങ്ങനെ ട്വീറ്റ് ചെയ്യണമെങ്കില്‍ അത് അത്രയും മോശമായതിനാലാവുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ഗായികയുടെ ട്വീറ്റ് ചർച്ചയായതോടെ ക്ഷമാപണവുമായി സിംഗപൂർ എയർലൈൻസും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു എന്ന് എയർലൈൻസ് കുറിച്ചു.