സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഹീറോ ആയി മാറുകയാണ് ഷാരൂഖ് ഖാൻ. തീ പിടിത്തത്തിന് സാക്ഷിയാകേണ്ടി വന്നപ്പോൾ സമചിത്തതയോടെ പ്രവർത്തിച്ച് പൊള്ളലേറ്റയാളെ രക്ഷപ്പെടുത്തിയ ഷാരൂഖിനെ പ്രശംസിക്കുകയാണ് ബോളിവുഡ്. ദീപാവലി ദിനത്തിൽ ജുഹുവിലെ തന്‍റെ വീടായ ജൽസയിൽ അമിതാഭ് ബച്ചൻ ഒരുക്കിയ ദീപാവലി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ദീപാവലി ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മാനേജർക്ക് പൊള്ളലേറ്റു; രക്ഷിച്ചത് ഷാരൂഖ് - ഷാരൂഖ് ഖാൻ
ദീപാവലി ആഘോഷത്തിനിടെ ബച്ചനും വീട്ടുകാരും സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദിന്‍റെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
ദീപാവലി ആഘോഷത്തിനിടെ ബച്ചനും വീട്ടുകാരും സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദിന്‍റെ ലഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് എല്ലാവരും പകച്ച് നിന്നപ്പോൾ ഞൊടിയിടയില്‍ പ്രവർത്തിച്ച് ഷാരൂഖ് തീ അണച്ച് അർച്ചനയെ രക്ഷപ്പെടുത്തി. കൈകളിലും കാലിലും പൊള്ളലേറ്റ അർച്ചനയെ ഉടനെ തന്നെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏറെ വൈകിയാണ് അപകടമുണ്ടായതെന്നും വളരെ കുറച്ച് അതിഥികൾ മാത്രമാണ് അപ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.
മകൾക്ക് ഒപ്പം കോർട്ട്‌യാർഡിൽ നിൽക്കുമ്പോഴാണ് അർച്ചനയുടെ ലഹങ്കയിൽ തീ പിടിച്ചത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചുറ്റുമുള്ളവർ പകച്ച് നിന്നു. മനസാന്നിധ്യം വീണ്ടെടുത്ത ഷാരൂഖ് ഓടി അർച്ചനയ്ക്ക് അരികിലെത്തി തീ അണയ്ക്കുകയായിരുന്നു. ഒരു ജാക്കറ്റ് ഉപയോഗിച്ച് തീ അണയ്ക്കുന്നതിനിടയിൽ അദ്ദേഹത്തിനും ചെറുതായി പൊള്ളലേറ്റു. എന്നാൽ അതിലൊന്നും പതറാതെ തീ അണയ്ക്കുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്ന് സംഭവത്തിന് സാക്ഷിയായവർ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അർച്ചന അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.