അതിരൂക്ഷമായി രാജ്യത്തിന്‍റെ ആരോഗ്യമേഖലയെയും സാമ്പത്തിക- സാമൂഹിക മേഖലയെയും തകിടം മറിച്ച കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടും തിരശ്ശീല ഉയരുകയാണ്. വളരെ പതിയെ, കൂടുതൽ കരുതലോടെ സിനിമാതിയറ്ററുകളിലേക്ക് പ്രേക്ഷകൻ ക്ഷണിക്കപ്പെടുന്നു.
അതീവ സുരക്ഷയോടും നിയന്ത്രണങ്ങളോടും തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാമെന്നായിരുന്നു ഒന്നാം തരംഗത്തിനും ലോക്ക് ഡൗണിനും ശേഷം സർക്കാർ നിർദേശം വച്ചത്.
രണ്ടാം തരംഗത്തിൽ സിനിമാകൊട്ടകകൾ അടച്ചുപൂട്ടിയപ്പോൾ തിയറ്റർ ഉടമകൾ വീണ്ടും വൻ നഷ്‌ടത്തിലേക്ക് എത്തിപ്പെട്ടു, ഒപ്പം സിനിമാപ്രവർത്തകരും സാമ്പത്തിക തകർച്ചയുടെ ഇരകളായി.
എന്നാൽ, കൊവിഡിന് പ്രതിവിധിയായി വാക്‌സിനേഷൻ വന്നതിനാൽ തന്നെ മുൻപത്തേക്കാൾ ആശ്വാസത്തോടെയാണ് പ്രദർശന ശാലകൾ പ്രവർത്തനം ആരംഭിക്കുന്നത്.
More Read: തുടർച്ചയായ രണ്ടാം ദിനവും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന Covid രോഗികൾ
കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെ ദേശീയ തലസ്ഥാന നഗരിയിൽ ഉൾപ്പെടെ തിയറ്ററുകൾ തുറക്കാൻ അതാത് സർക്കാരുകൾ ഗ്രീൻ ലൈറ്റ് കൊടുത്തുകഴിഞ്ഞു.
എന്നാൽ തുടർച്ചയായ രണ്ടാം ദിവസവും ഇരുപതിനായിരം കടന്ന് കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഓണം- റംസാൻ റിലീസുകൾക്കായി പുത്തൻ സിനിമകൾ തയ്യാറെടുക്കുമ്പോഴും തിയറ്ററുകൾ തുറക്കുമോ എന്ന ആശങ്ക വർധിക്കുകയാണ്.
പകുതി ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ തുറക്കാൻ അനുമതി
ന്യൂഡൽഹിയിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും അമ്പത് ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് നിർദേശം.
കൂടാതെ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രദർശനശാലകൾ തുറക്കാൻ അനുവാദം നൽകിക്കഴിഞ്ഞു. ഇവിടെയെല്ലാം പകുതി മാത്രം ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്താനാണ് നിർദേശം.
സാമൂഹിക അകലം പാലിച്ച് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ ഗുജറാത്ത്, ജാർഖണ്ഡ്, ഛത്തീസ് ഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ്.
തെലങ്കാന സർക്കാർ ജൂലൈ 30 മുതൽ സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മുഴുവൻ സീറ്റുകളിലും, അതായത് 100 ശതമാനം ആളുകളെയും ഉൾക്കൊള്ളിച്ച് സിനിമ പ്രദർശിപ്പിക്കാമെന്നാണ് സർക്കാർ നിർദേശം.
തമിഴ്‌നാട്ടിൽ കൊവിഡ് കേസുകളിൽ നേരിയ തോതിൽ കുറവുണ്ട്. അതിനാൽ തന്നെ ഏത് നിമിഷവും നിയന്ത്രണങ്ങൾ ലഘൂകരിക്കാനും തിയറ്ററുകൾ തുറക്കാനും സ്റ്റാലിൻ സർക്കാർ അനുമതി നൽകുമെന്നാണ് സൂചനകൾ.
More Read: ലോക്ക് ഡൗൺ തുടരുന്നു... 'മരക്കാർ' ഓണം റിലീസിലും ആശങ്ക
എന്നാൽ, ബുധനാഴ്‌ച കേരളത്തിൽ 22,056 പേർക്ക് കൂടി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുക എന്നത് സംസ്ഥാന സർക്കാരിന് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രധാന വെല്ലുവിളിയാണ്. അതേ സമയം കർശനമായ നിയന്ത്രണങ്ങൾക്ക്, വ്യാപാരികളിൽ നിന്നും തിയറ്റർ ഉടമകളിൽ നിന്നും സർക്കാരിന് കടുത്ത സമ്മർദമാണ് ഉണ്ടാകുന്നത്.
മരക്കാർ അറബിക്കടലിന്‍റെ സിംഹം പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സ്പെഷ്യൽ ഷോയായി ഓണത്തിന് തിയറ്ററുകളില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഓഗസ്റ്റിൽ സംസ്ഥാനത്തെ പ്രദര്‍ശന ശാലകള്‍ തുറക്കുമോ എന്നതിൽ ഇനിയും വ്യക്തതയില്ല.