സ്വന്തം അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും തുറന്നുപറയാൻ ഒട്ടും മടികാണിക്കാത്ത വ്യക്തിയാണ് ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താൻ പങ്കുവച്ച പോസ്റ്റിന് സൈബർ ആക്രമണം നേരിട്ടതിനെ തുടർന്ന് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് താരം.
ഈയിടെ ഇൻസ്റ്റാഗ്രാമിൽ സയനോര പങ്കുവച്ച നൃത്തവീഡിയോ ആരാധകർക്കിടയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സയനോര നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവര്‍ ചേർന്ന് 'കഹിൻ ആഗ് ലഗേ' എന്ന പാട്ടിനൊത്ത് ചുവടുവയ്‌ക്കുന്ന വീഡിയോയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ എത്തിയെങ്കിലും വിമർശനങ്ങളുമായും പലരും രംഗത്തുവന്നിരുന്നു.
നിരവധിപേർ തന്‍റെ വസ്‌ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിച്ചുകൊണ്ടും ബോഡി ഷെയ്‌മിങ് നടത്തിയും കമന്‍റ് ചെയ്‌തതോടെ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തുവന്നു.
നൃത്തം ചെയ്‌തപ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിലരിക്കുന്ന മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു സയനോരയുടെ പ്രതികരണം. 'കഹി ആഗ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പിനൊപ്പം എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം പങ്കുവച്ചു.