പാർവതി, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവർ മുഖ്യവേഷത്തിലെത്തിയ 'ഉയരെ' എന്ന ചിത്രത്തിനെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രം നിറഞ്ഞ സദസ്സുകളിൽ ജൈത്രയാത്ര തുടരുമ്പോൾ ചിത്രത്തെപ്പറ്റിയും അണിയറപ്രവർത്തകരെപ്പറ്റിയും വാചാലനാവുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യൻ അന്തിക്കാട് ഉയരെ ടീമിനുള്ള തൻ്റെ പ്രശംസയറിയിച്ചത്.
ഒരു ഹിറ്റ് സിനിമയ്ക്ക് വേണ്ട ചേരുവകളൊന്നും ഇല്ലാതിരുന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയേറ്ററിലുയര്‍ന്ന കൈയടി തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. അഭിനേതാക്കളെ മാത്രമല്ല ചിത്രത്തിൻ്റെ ക്യാമറ, എഡിറ്റിങ്, സംഗീതം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചരേയും സത്യൻ അന്തിക്കാട് അഭിനന്ദിച്ചു.
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
'ഉയരെ' കണ്ടു.
കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയ്യേറ്ററിലുയര്‍ന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
കാരണങ്ങള്‍ രണ്ടാണ്..
ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറ്റൊന്ന്, ആദ്യമായി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്സ്' എന്ന പുതിയ നിര്‍മ്മാതാക്കള്‍ കാണിച്ച ധൈര്യം.
ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യൻ്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിൻ്റെ സൗന്ദര്യം 'ട്രാഫിക്' പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ഉയരെ'.
പാര്‍വ്വതിയും ടൊവീനോയും ആസിഫ് അലിയും മാത്രമല്ല സിദ്ധിക്കും പ്രേം പ്രകാശുമടക്കം അഭിനയിച്ച എല്ലാവരും 'ഉയരെ'ക്ക് ഉയിരു നല്‍കിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം. മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ, മധു.സി.നാരായണന്‍, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.
എല്ലാവര്‍ക്കും എൻ്റെ സ്നേഹം.