സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് കടക്കുന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അനൂപിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനായ അഖില്‍ സത്യനും സംവിധായകന്‍റെ കുപ്പായമണിയുകയാണ്. ഇതോടെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യൻ അന്തിക്കാടിന്‍റെ രണ്ട് മക്കളും സിനിമയില്‍ സജീവമാവുകയാണ്.
ഒരു വീട്ടില്‍ നിന്ന് മൂന്ന് സംവിധായകർ; അഖില്‍ സത്യനും സംവിധാനരംഗത്തേക്ക് - അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യൻ അന്തിക്കാടിന്‍റെ രണ്ട് മക്കളും സിനിമയില്‍ സജീവമാവുകയാണ്
തന്‍റെ സിനിമയ്ക്ക് അഖില്‍ തന്നെയാണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. ഫുള്‍മുണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുതുമുഖമാണ് നായിക. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ഗോവയിലും മുംബൈയിലും കേരളത്തിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. അതേസമയം അനൂപ് സത്യന്‍റെ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ദുല്‍ഖർ സല്‍മാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖർ സല്‍മാനാണ് ചിത്രം നിർമിക്കുന്നത്.
എൻജിനിയർമാരായിരുന്ന അനൂപും അഖിലും ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ചുവട് വച്ചിരിക്കുന്നത്. മൂന്ന് പേർ ഒരേ വീട്ടില്‍ നിന്ന് തന്നെ സംവിധായകരാകുന്നത് രാജ്യത്തെ സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂർവമാണ്.