കേരളം

kerala

ETV Bharat / sitara

സിദ്ധിഖ് ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്നു, സൗബിൻ മറ്റൊരു അത്ഭുതം: സത്യൻ അന്തിക്കാട് - ishq movie anuraj manohar

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഇഷ്കിന്‍റെ എഴുത്തുകാരനും സംവിധായകനും വിജയിച്ചുവെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു

സിദ്ധിഖ് ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്നു, സൗബിൻ മറ്റൊരു അത്ഭുതം; സത്യൻ അന്തിക്കാട്

By

Published : Jun 6, 2019, 8:34 AM IST

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ 'ഇഷ്ക്' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്.

ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ മണ്‍മറഞ്ഞെങ്കിലും അഭിനയമികവിന്‍റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. സിദ്ധിഖിന്‍റെ അഭിനയം ഭരത് ഗോപിയെ ഓർമ്മിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ സൗബിൻ സാഹിറും, ഷൈന്‍ ടോം ചാക്കോയും, ഷെയ്ന്‍ നിഗവും, ജാഫര്‍ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ലെങ്കിലും അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരഞ്ഞെടുപ്പും, അതിന്‍റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള 'താത്വികമായ അവലോകനങ്ങളും' കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള 'അന്തര്‍ധാര സജീവമായിരുന്നു' എന്ന കണ്ടെത്തലിന് തന്നെയാണ് മുന്‍തൂക്കം. ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞു - 'സന്ദേശ'ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടന്‍ പറഞ്ഞതുകൊണ്ടാണ്.

വാസ്തവം!
കണ്മുന്നിലുള്ളപ്പോള്‍ അതിന്‍റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മള്‍ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.

അഭിനയമികവിന്‍റെ കാര്യത്തില്‍ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിര്‍ത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോള്‍ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളില്‍ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്‍റെ പാതയിലൂടെയാണ് സിദ്ധിഖിന്‍റെ യാത്ര എന്ന് തോന്നാറുണ്ട്. സൗബിന്‍ ഷാഹിര്‍ മറ്റൊരു അത്ഭുതം.

ഇപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണം 'ഇഷ്‌ക്' എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് 'ഇഷ്‌ക്' കണ്ടത്. ഷൈന്‍ ടോം ചാക്കോയും, ഷെയ്ന്‍ നിഗവും, ജാഫര്‍ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണ്. നായിക ആന്‍ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകന്‍ ക്യാമറക്ക് പിന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

അനുരാജ് മനോഹര്‍ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളില്‍ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക - രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു.

ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അര്‍ത്ഥത്തിലും.

ABOUT THE AUTHOR

...view details