തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച നടൻ ബിജു മേനോൻ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണ പരിപാടിയിൽ ബിജു മേനോനടക്കം നിരവധി താരങ്ങൾ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു. ഇതിനുപിന്നാലെ ഇവരുടെയെല്ലാം ഫേസ്ബുക്ക് പേജിൽ വിമർശന കമൻ്റകളുമായി നിരവധി പേരെത്തി. ഇപ്പോഴിതാ ബിജു മേനോനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. തൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഒരാൾക്ക് വേണ്ടി വോട്ട് ചോദിക്കാൻ പോലും അവകാശമില്ലാത്തതാണോ കേരളത്തിലെ ആവിഷ്കാര സ്വാതന്ത്യം എന്നാണ് പണ്ഡിറ്റ് ചോദിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട ഫേസ്ബുക്ക് കുടുംബമേ
,
പ്രമുഖ നടൻ ബിജു മേനോൻ സർ
തന്‍റെ കൂട്ടുകാരനും, സഹപ്രവർത്തകനുമായ പ്രമുഖ നടനു വേണ്ടി ഇലക്ഷൻ ക്യാംപെയ്നിൽ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലർ ചെറുതായി എതിർത്ത് കമന്‍റ് ഇടുന്നത് ശ്രദ്ധയിൽപ്പെട്ടു.
നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾ നമ്മൾ ഇഷ്ടപ്പെടുന്ന പാർട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മൾ ഇഷ്ടപ്പെട്ട പാർട്ടിക്കു വേണ്ടിയേ പ്രവർത്തിക്കാവൂ...
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു തുടങ്ങിയ ചിന്തകൾ ശരിയാണോ ?
കേരള ചരിത്രത്തിൽ ഇതിനു മുമ്പും , ഇപ്പോഴും എത്രയോ താരങ്ങൾ പരസ്യമായി തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത "അസഹിഷ്ണുത" ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?. അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ... ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? അദ്ദേഹത്തെ എതിർക്കുന്നവരോട് ഒരു ചോദ്യം ...നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായി നിങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?
ഇതാണോ ആവിഷ്കാര സ്വതന്ത്യം ?
ഇതാണോ നമ്പർ വണ്‍ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് ...
സാധാരണ പ്രേക്ഷകർ ആരും നടൻ്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നൊടൊത്തോളം കാലം ഒരു നടൻ / നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്നവുമില്ല .
ബിജു മേനോൻ സർ... നിങ്ങളെന്നും ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം.....ഇപ്പോഴത്തെ ചെറിയ എതിർപ്പ് കാര്യമാക്കേണ്ട...
എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ.... നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്....
ആർക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം ...
ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിൻ്റെ സ്ഥാനാർഥി
യുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.
(വാൽ കഷ്ണം.. ഞാൻ ഇഷ്ടപ്പെടുന്ന പല ഫിലിം, ക്രിക്കറ്റ് താരങ്ങൾ എനിക്ക് ഇഷ്ടമില്ലാത്ത പാർട്ടികളിൽ പ്രവർത്തിക്കുന്നു... ഒരൽപ്പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്നേഹവും കുറഞ്ഞില്ല. കാരണം ഇന്ത്യ സ്വതന്ത്രമാണ്..
പിന്നെ നമ്മൾ സപ്പോർട്ട് ചെയ്യുന്നു എന്നതിനർത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവർക്കും വികാരം, വിചാരം, സംസ്കാരം, ചിന്താശേഷിയുണ്ട്...)