ഹിമാചൽ പ്രദേശിൽ ഷൂട്ടിംഗിനെത്തിയ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദിയുണ്ടെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സനൽകുമാർ ഇക്കാര്യമറിയിച്ചത്.
എല്ലാവരും സുരക്ഷിതർ; അന്വേഷണങ്ങൾക്ക് നന്ദിയറിയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ - സനൽകുമാർ ശശിധരൻ
‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടങ്ങുന്ന 30 അംഗ സംഘം ഹിമാചൽ പ്രദേശിലെത്തിയത്
റോത്തഗിൽ നിന്നും മണാലിയിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടങ്ങുന്ന 30 അംഗ സംഘം ഹിമാചൽ പ്രദേശിലെത്തിയത്. ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രുവിലായിരുന്നു ഷൂട്ടിംഗ്. എന്നാൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും സംഘം അവിടെ കുടുങ്ങുകയായിരുന്നു. പ്രളയത്തിൽ കുടുങ്ങിയതായി മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിച്ചറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മുൻ എം പി സമ്പത്ത് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ മഞ്ജു വാര്യർക്കും സംഘത്തിനും സമീപം രക്ഷാപ്രവർത്തകർ എത്തുകയും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. ഷിംലയിൽ രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണം കൂടി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.