ഗായകൻ മിഖാ സിംഗിന് ഏർപ്പെടുത്തിയ വിലക്കിൽ ഉറച്ച് ബോളിവുഡിലെ ഫിലിം സംഘടനകൾ രംഗത്ത്. പാകിസ്ഥാനിലെ ഒരു പരിപാടിയിൽ പാടിയതിനാണ് ഗായകൻ മിഖാ സിംഗിന് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും (എഐസിഡബ്ല്യുഎ), ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും വിലക്ക് ഏർപ്പെടുത്തിയത്.
മിഖാ സിംഗിനൊപ്പം പ്രവർത്തിച്ചാൽ സൽമാൻ ഖാനെയും വിലക്കും; നിലപാട് കടുപ്പിച്ച് സംഘടനകൾ
മിഖാ സിംഗിനൊപ്പം ആരെങ്കിലും പ്രവർത്തിക്കാൻ തയ്യാറായാൽ അവരെയും വിലക്കുമെന്ന് സിനിമ-ഗായക സംഘടനകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മിഖാ സിംഗിനൊപ്പം പ്രവർത്തിച്ചാൽ നടൻ സൽമാൻ ഖാനും വിലക്ക് ഏർപ്പെടുത്തും എന്ന നിലപാടാണ് സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സൽമാൻ ഖാന്‍റെ ആറോളം യു എസ് പ്രോഗ്രാമുകളിൽ പാടാൻ മിഖാ സിംഗ് കരാർ ഒപ്പിട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. യുഎസ് പ്രോഗ്രാമിനായി ഓഗസ്റ്റ് ഇരുപത്തിയെട്ടോടെ മിഖാ സിംഗ് ഹൂസ്റ്റണിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഈ വിഷയത്തിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് സംഘടനയുമായി മിഖാ സിംഗ് ഇന്ന് ചർച്ചകൾ നടത്തും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ എന്തിനാണ് കറാച്ചിയിലെ പരിപാടിയിൽ പാടിയത് എന്നതിന് മിഖാ സിംഗ് നൽകുന്ന വിശദീകരണത്തെ ആശ്രയിച്ചായിരിക്കും വിലക്ക് സംബന്ധിച്ച അന്തിമവിധി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിലക്ക് തുടരുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി അശോക് ദുബെ പ്രതികരിച്ചു.