കേരളം

kerala

ETV Bharat / sitara

'ഇതിൽ ആരാണ് ഞാൻ?'; തൻ്റെ പേരിൽ വന്ന വ്യാജവാർത്ത കണ്ട് അന്തംവിട്ട് സലീം കുമാർ - സലീം കുമാർ

ഇത്തരത്തിൽ പ്രചരിക്കുന്ന രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങളും.

salim1

By

Published : Mar 12, 2019, 4:29 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയയിലും ചൂടേറിയ പ്രചാരണമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സിനിമാതാരങ്ങളുടെ രാഷ്ട്രീയ ചായ്വ് ചര്‍ച്ചയാകുന്നതും സ്വാഭാവികം. താരങ്ങളുടെ പേരിൽ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ തന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് അന്തം വിട്ടിരിക്കുകയാണ് നടന്‍ സലിം കുമാര്‍. സലീം കുമാറിന്‍റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ടുള്ള രണ്ട് വ്യാജ പോസ്റ്റുകളാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങളും.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍റെയും സലിംകുമാറിന്‍റെയും ചിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ് പ്രചരിക്കുന്ന രണ്ട് വ്യാജ പോസ്റ്റുകളും. ഒന്നാമത്തെ പോസ്റ്റില്‍ പറയുന്നത് സലിംകുമാര്‍ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ 'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ്, ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്‍റെയും കുടുംബത്തിന്‍റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്. രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'.

പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്റ് ഇതിന് നേരെ വിരുദ്ധമാണ്. 'ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയുകയാണ്, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം -സലിംകുമാര്‍' എന്നാണ് അതിന്‍റെ ഉള്ളടക്കം. രണ്ട് പോസ്റ്റുകളും ഉള്‍ക്കൊള്ളിച്ചാണ് സലീംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ സിനിമയിൽ താൻ തന്നെ പറഞ്ഞ ഡയലോഗാണ് പോസ്റ്റിന് തലക്കെട്ടായി താരം കൊടുത്തിരിക്കുന്നതും, 'എന്‍റെ ചോദ്യം ഇതാണ്. ഇതിൽ ആരാണ് ഞാൻ?'


ABOUT THE AUTHOR

...view details