ഇന്നലെ പ്രദർശനത്തനെത്തിയ പ്രഭാസ് ചിത്രം സാഹോയ്‌ക്കെതിരെ പരാതിയുമായി ചിത്രകാരി രംഗത്ത്. ബാംഗ്ലൂർ സ്വദേശിയായി ഷിലോ ശിവ് സുലെമാൻ എന്ന ചിത്രകാരിയാണ് തന്‍റെ കലാസൃഷ്ടി സാഹോ ടീം മോഷ്ടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2014 ൽ ഷിലോ ശിവ് ചെയ്ത ആർട്ട് വർക്ക് സാഹോ ടീം കോപ്പിയടിച്ചെന്നാണ് ആരോപണം.
'സാഹോ’യുടെ പോസ്റ്റർ കോപ്പിയടി; തന്‍റെ കലാസൃഷ്ടി മോഷ്ടിച്ചെന്ന ആരോപണവുമായി കലാകാരി രംഗത്ത് - 'സാഹോ’യുടെ പോസ്റ്റർ കോപ്പിയടി
പ്രഭാസും ശ്രദ്ധ കപൂറും ഒന്നിച്ചെത്തുന്ന ഗാനരംഗത്തിന്‍റെ പോസ്റ്ററാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

പ്രഭാസും ശ്രദ്ധ കപൂറും ഒന്നിച്ചെത്തുന്ന ഗാനരംഗത്തിന്‍റെ പോസ്റ്ററാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. പോസ്റ്ററും ഷിലോയുടെ കലാസൃഷ്ടിയും തമ്മിൽ കാഴ്ചയിലുള്ള സാമ്യവും ആരോപണങ്ങൾക്ക് ബലം നൽകുന്നുണ്ട്. തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഷിലോ ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. നടി ലിസ റേയും ഇവ രണ്ടും തമ്മിലുള്ള സാമ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇത് പ്രചോദനമല്ല, മോഷണമാണ്. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇതിന്‍റെ യഥാർത്ഥ സൃഷ്ടാവുമായി ബന്ധപ്പെടുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. ഇത് തികച്ചും തെറ്റായ കാര്യമാണ്', ഷിലോയുടെ കലാസൃഷ്ടിയും ‘സാഹോ’യുടെ പോസ്റ്ററും പങ്കുവച്ച് കൊണ്ട് ലിസ കുറിച്ചു.
സാഹോയുടെ നിർമ്മാതാക്കൾ ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വന്‍വിജയത്തിന് ശേഷം തെലുങ്ക് താരം പ്രഭാസ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണ് ‘സാഹോ’. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ശ്രദ്ധ കപൂറാണ് നായിക.