ലക്ഷകണക്കിന് ആളുകളുടെ സ്വപ്ന ലോകമാണ് വെള്ളിത്തിര എന്നുള്ളതില്‍ തര്‍ക്കമില്ല. അഭിനേതാക്കള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പലതും ആളുകളെ ഭയപരവശരും ദുഖിതരും നിരാശരരുമൊക്കെയാക്കാറുണ്ട്. പല അഭിനേതാക്കളും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ അനശ്വരരായി മാറാറുമുണ്ട്. എന്നാല്‍ വലിയ സ്‌ക്രീന്‍ കാലക്രമേണ ഒരു പെട്ടിക്കകത്തെ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങുകയും നടീനടമാര്‍ നിശ്ചിത സമയങ്ങളില്‍ ആളുകളുടെ വീടുകളിലേക്ക് കടന്നു വരാന്‍ തുടങ്ങുകയും ചെയ്തു. ആദ്യം തിരിക്കുന്ന നോബുകളായിരുന്നുവെങ്കില്‍ പിന്നീട് റിമോട്ട് കണ്‍ട്രോളുകളിലെ മൃദുലമായ പുഷ് ബട്ടണുകളിലായി നിയന്ത്രണം. ചായക്കോപ്പയില്‍ ഒരു കൊടുങ്കാറ്റ് ഉണ്ടാക്കാനോ അല്ലെങ്കില്‍ തീന്മേശയില്‍ രുചിഭേദങ്ങള്‍ സൃഷ്ടിക്കുവാനോ ലക്ഷകണക്കിന് വീടുകളില്‍ ഈ റിമോട്ട് കണ്‍ട്രോണ്‍ മതിയെന്നായി.
എന്നാല്‍ ഇന്നിപ്പോള്‍ ഓവര്‍ ദ ടോപ്പ് (ഒടിടി) മാധ്യമങ്ങളിലൂടെ ഉല്ലാസവേളകള്‍ പരിണമിച്ചതോടെ അത്തരം വര്‍ഗ്ഗീകരണമെല്ലാം കാലഹരണപ്പെട്ടു. വലിയ താമസമില്ലാതെ കൂറ്റന്‍ സ്‌ക്രീനിലെ അനുഭവങ്ങള്‍ പോലും ഭൂതകാലത്തിന്‍റെ സ്മരണകളായി മാറിയേക്കാം. ടെലിവിഷനിലും സിനിമാ തീയറ്ററുകളിലൊക്കെയായി നിശ്ചിത സമയങ്ങളില്‍ കാഴ്ചയൊരുക്കുക എന്ന ആശയം ദശാബ്ദങ്ങളായി തുടര്‍ന്നു വന്നുവെങ്കിലും അതിപ്പോള്‍ “സ്വന്തം ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും കാണുക” എന്നതിലേക്ക് വഴിമാറുകയാണ്. അതൊടെ അഭിനേതാക്കളെ വര്‍ഗ്ഗീകരിക്കുന്നതും അവരുടെ താരമൂല്യവും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. അല്‍ഭുതകരമെന്നു പറയട്ടെ ഒട്ടേറെ പഴയകാല അഭിനേതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. സിനിമാ വ്യവസായത്തിലെ മത്സര കൊടുങ്കാറ്റില്‍ പറന്നു പോയ പല മികച്ച അഭിനേതാക്കളും ഒടിടി ലോകം വഴി തങ്ങളുടെ അനുപമമായ ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നത് ഇന്ത്യ കാണുകയാണ്.
ഈ പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വിനിയോഗിച്ചു കൊണ്ട് തന്‍റെ അഭിനയ ജീവിതത്തിലെ രണ്ടാമത്തെ മുഖ്യ അദ്ധ്യായത്തിലേക്ക് കടന്ന് വന്ന ഒരു നടനാണ് സെയ്ഫ് അലിഖാന്‍. അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ താണ്ഡവ്, സേക്രട്ട് ഗെയിംസ് എന്നിവ വിവാദങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും പുതിയ ഒരു ഇന്ത്യന്‍ പ്രേക്ഷക സമൂഹം ഉയര്‍ന്നു വന്നതിനെ കുറിച്ചുള്ള കഥകളാണ് അവയുടെ നിര്‍മ്മാതാക്കള്‍ പറയുന്നത്. 90-കളിലെ അമ്മായിയമ്മ-മരുമകള്‍ കഥകളുടെ പ്രേക്ഷകര്‍ 2000-ഓടു കൂടി മാഞ്ഞു പോയി. ഇന്ത്യയിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം മാറിയതോടു കൂടി കഥ പറച്ചില്‍ രീതികളും മാറിയിരിക്കുന്നു.
ഗ്രാമീണ പ്രേക്ഷകര്‍ ഒരു പരിണാമ ദശയിലാണ്. നഗരങ്ങളിലെ പ്രേക്ഷകരാകട്ടെ പുതിയ നൂറ്റാണ്ടിലേയും അതിനപ്പുറത്തേയും കഥകളാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് വേണ്ടത് യഥാതഥമായ കഥകളാണ്. എന്നാല്‍ മിക്കവര്‍ക്കും എല്ലാം തികഞ്ഞ കഥകള്‍ വേണ്ട. അവര്‍ക്ക് അവരുടെ നായകന്‍ പരാജിതനായാലും വിരോധമില്ല. അവര്‍ക്കയാള്‍ സ്വാഭാവികമായ മനുഷ്യനായിരിക്കണം. യഥാര്‍ത്ഥ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് പൊരുതുന്നവന്‍. മനോജ് ബാജ്‌പേയി അവതരിപ്പിച്ച "ഫാമിലി മാന്‍"രാജ്യത്തെ കാത്ത് സൂക്ഷിയ്ക്കുന്ന, ഒട്ടും ഗ്ലാമറില്ലാത്ത ഒരു രഹസ്യാന്വേഷണ ഏജന്റിന്റെ കഥയാണ് പറയുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം ഇന്ത്യന്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ ഒരു വ്യക്തിയുടെ സർവ വെല്ലുവിളികളും നേരിടുന്നുമുണ്ട്. നില നില്‍ക്കുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും വേണ്ടി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുവാന്‍ നിര്‍ബന്ധിതമായ ഒരു സാധാരണ ഇന്ത്യന്‍ കുടുംബത്തിന്‍റെ കഥയാണ് സുസ്മിതാ സെന്നും ചന്ദ്രാ സിങും അഭിനയിച്ച "ആര്യ" പറയുന്നത്. ബോബി ഡിയോളിന്‍റെ "ആശ്രം" ആകട്ടെ സത്യാനന്തര കാലത്തെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു സങ്കീര്‍ണ്ണ കഥയാണ് വീണ്ടും പറയുന്നത്. ഗ്ലാമര്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത, യഥാർഥമായ കഥകള്‍ക്ക് അതിന്‍റേതായ ആകര്‍ഷകത്വമുണ്ട്. 500 കോടി രൂപയുടെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ കണ്ണഞ്ചിക്കുന്ന വെളിച്ചത്തില്‍ നിന്നും അകന്നു മാറിയ അഭിനേതാക്കളാകട്ടെ ഏറെ മെച്ചപ്പെട്ട രീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു. അവര്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നു. ഒരു സിനിമയുടെ വേഷഭൂഷകളൊക്കെയുള്ള കൂടുതല്‍ ദീര്‍ഘമായ വെബ്ബ് സീരീസുകളില്‍ അവര്‍ക്ക് കുറെകൂടി മെച്ചപ്പെട്ട സ്‌ക്രീന്‍ സാന്നിദ്ധ്യം കൊണ്ടുവരാൻ കഴിയുന്നു. അതേ സമയം തന്നെ ഈ വെബ്ബ് സീരീസുകള്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയുടെയോ അല്ലെങ്കില്‍ ടെലിവിഷനില്‍ നിറഞ്ഞാടിയിരുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കണ്ണീര്‍ പരമ്പരകളുടേയോ ഗണത്തില്‍ പെടാത്ത തീര്‍ത്തും വ്യത്യസ്തമായ ദൃശ്യ രൂപങ്ങളാണ്.
ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കുതിച്ചുയര്‍ന്ന വെബ്ബ് സീരീസുകളിലൂടെ നിരവധി അഭിനേതാക്കള്‍ തങ്ങളുടെ നഷ്ടപ്പെട്ട ഇടം തിരിച്ചു പിടിച്ചിരിക്കുന്നു. ഈ വെബ്ബ് സീരീസുകളുടെ യാഥാസ്ഥിതികമല്ലാത്ത ശബ്ദവും കഥപറച്ചില്‍ രീതികളും സര്‍ക്കാരിനേയും അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണ സംവിധാനത്തിനു കീഴില്‍ കൊണ്ടു വരുവാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. പക്ഷെ ഒടിടി പ്ലാറ്റ്‌ഫോമുകളെ പോലെ തന്നെ ഈ നിയന്ത്രണ സംവിധാനങ്ങളുടെ സാധ്യതയും അനിര്‍വചനീയമായി തുടരുന്നു. ഇനിയും തങ്ങളില്‍ ബാല്യമുണ്ടെന്ന് അറിയുന്ന, അതേ സമയം തന്നെ പാര്‍ശ്വങ്ങളിലേക്ക് തള്ളി അകറ്റപ്പെട്ട പല മിടുക്കരായ അഭിനേതാക്കളും ആത്മാവിഷ്‌കാരത്തിനായി പുതിയ വഴികള്‍ കണ്ടെത്തിയ മാറി കൊണ്ടിരിക്കുന്ന ഒരു ചക്രവാളമാണ് ഇന്നുള്ളത്. സ്വജന പക്ഷപാതത്തിന്‍റെ പേരില്‍ സിനിമാ വ്യവസായം വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കവെ ഇന്ത്യയിലെ ഉല്ലാസ വ്യവസായ ചക്രവാളത്തില്‍ ഒരു വിധം ഏവരേയും തുല്യരായി കണക്കാക്കുന്ന ലോബികളില്‍ നിന്നും മുകതമായ പുതിയ ഒരു ലോകം പൊട്ടി വിടരുകയാണ്.