തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂല്‍ പൂക്കുട്ടി. പൂരത്തിന്‍റെ വീഡിയോ കോപ്പി റൈറ്റ് താൻ സോണിക്ക് വിറ്റെന്ന ആരോപണവും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'വില്‍ക്കാൻ തൃശ്ശൂർ പൂരം എന്‍റെ തറവാട് സ്വത്തല്ല'; റസൂല്‍ പൂക്കുട്ടി - thrissur pooram
തൃശ്ശൂർ പൂരം കേരളത്തിന്‍റെ സംസ്കാരമാണെന്നും അതില്‍ ഏതെങ്കിലും ഒരു കമ്പനിക്ക് കോപ്പിറൈറ്റ് നേടാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഓഡിയോ പകര്‍പ്പവകാശം ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക് സ്വന്തമാക്കുകയും ഇതുവഴി പൂരവുമായി ബന്ധപ്പെട്ട വീഡിയോകളും ഓഡിയോകളും വിലക്കുന്നു എന്നാണ് ആരോപണം. പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, പഞ്ചാരിമേളം എന്നിവയ്‌ക്കെല്ലാം വിലക്കുനേരിടുന്നതായി പരാതിയുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ''തൃശ്ശൂര്‍ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനര്‍ എന്ന നിലക്കാണ്. റെക്കോര്‍ഡ് ചെയ്ത് കൊണ്ടിരിക്കുന്ന വേളയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമ. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തനിക്ക് അതില്‍ യാതൊരു പങ്കുമില്ല. പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് അത് നിര്‍മ്മിച്ചത്. അതിന്‍റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്‍റെ അറിവ്,'' റസൂല്‍ പൂക്കുട്ടി കുറിച്ചു.
ജാതിമത വിഭാഗീയത ചിന്തകള്‍ കോര്‍ത്തിണക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടെന്ന് ഈ വിവാദം തന്നെ ചിന്തിപ്പിച്ചെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. പ്രബുദ്ധരായ മലയാളികള്‍ ഇതുപോലുള്ള ചര്‍ച്ചകളില്‍ നിന്ന് മാറിനില്‍ക്കണ്ടേത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.