കേരളം

kerala

'രണ്ടാമൂഴം' അടഞ്ഞ അദ്ധ്യായം; പക്ഷേ മഹാഭാരതം സിനിമയാക്കുമെന്ന് ബിആര്‍ ഷെട്ടി

By

Published : Apr 3, 2019, 4:54 PM IST

ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഷെട്ടി വ്യക്തമാക്കി.

shetty1

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിർമ്മാതാവ് ഡോ ബിആര്‍ ഷെട്ടി. ചിത്രത്തിൻ്റെ തിരക്കഥ സംബന്ധിച്ച് തിരക്കഥാകൃത്ത് എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാലാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിആർ ഷെട്ടി.

രണ്ടാംമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വർഷത്തോളം മുമ്പാണ് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ നിർമ്മാതാവാകാൻ അന്ന് ബിആർ ഷെട്ടിയും തയ്യാറായി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിനെ തുടർന്ന് തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോനെതിരെ എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയിൽ നടന്നുവരികയാണ്.

പ്രശ്നത്തിൽ ബി ആർ ഷെട്ടി മധ്യസ്ഥനായെന്ന രീതിയിലാണ് പിന്നീട് വാർത്ത വന്നത്. എന്നാൽ താന്‍ മധ്യസ്ഥത്തിന് ശ്രമിച്ചിട്ടില്ലെന്ന് ഷെട്ടി വ്യക്തമാക്കി.

'എംടി വാസുദേവന്‍ നായരുടെ തിരക്കഥയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് എംടിയും ശ്രീകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണം. ഹിന്ദിയിലെ പത്മാവതി പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചര്‍ച്ച നടത്തി. മഹാഭാരതം സിനിമ ആക്കുക തന്നെ ചെയ്യും', ഷെട്ടി പറഞ്ഞു.


ABOUT THE AUTHOR

...view details