ത്രീഡി മികവോടെ രാമായണം ചലച്ചിത്രമാകുന്നു. 500 കോടി മുതല്‍ മുടക്കില്‍ നിർമ്മിക്കുന്ന ചിത്രം മൂന്ന് ഭാഷകളിലായാണ് പുറത്തിറക്കുന്നത്. അഭിനേതാക്കള്‍ ആരെന്ന് ഇതുവരെ നിര്‍ണയിച്ചിട്ടില്ലെങ്കിലും വമ്പന്‍ സംവിധായകരുടേയും വലിയ നിര്‍മാണക്കമ്പനികളുടേയും പേരാണ് രാമായണവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.
500 കോടി മുതല്‍മുടക്കില്‍ ത്രീഡി രാമായണം ഒരുങ്ങുന്നു
നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമ.
ദംഗലിന്‍റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, ഫാന്‍റം ഫിലിംസിന്‍റെ സ്ഥാപകൻ മധു മന്‍റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രവി ഉദയ്‌വാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള താരങ്ങള്‍ പരിഗണനയിലുണ്ട്. 2021 ല്‍ റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങൾ തമ്മില്‍ കാര്യമായ സമയദൈര്‍ഘ്യം ഉണ്ടാവാതിരിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം.
ഇന്ത്യന്‍ സിനിമാ വ്യവസയാത്തിലെ രണ്ടാമത്തെ വലിയ പ്രോജക്ടാണ് ഈ ത്രീഡി രാമായണം. ഏറ്റവും വലിയ പ്രോജക്ട് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി 1,000 കോടി രൂപ ബജറ്റില്‍ നിശ്ചയിച്ച മഹാഭാരതമാണ്. എന്നാല്‍ വി.ആര്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ കോടതി കയറിയതോടെ മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന മെഗാബജറ്റ് പ്രോജക്ട് അനിശ്ചിതത്വത്തിലാണ്.