‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്‍റെഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി റിലീസ് ചെയ്തു. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.
രാജീവ് രവി-നിവിൻ പോളി ടീമിന്‍റെ 'തുറമുഖം' ഒരുങ്ങുന്നു - രാജീവ് രവി
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
നിവിൻ പോളിയ്ക്ക് പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
രാജീവ് രവിയുടെ ചിത്രത്തിനൊപ്പം തന്നെ രാജീവ് രവിയുടെ ഭാര്യയും അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹൻദാസിന്‍റെ‘മൂത്തോൻ’ എന്ന പുതിയ ചിത്രത്തിലും നിവിനാണ് നായകൻ. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു നിവിൻ പോളി ചിത്രം. നയൻതാരയാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ നിവിന്‍റെനായിക.