തമിഴ് നടൻ വിജയ്‌യുടെ സമീപകാലത്തിറങ്ങിയ എല്ലാ ചിത്രങ്ങളും റിലീസിന് മുൻപ് തന്നെ വിവാദങ്ങളില്‍ ഇടം പിടിക്കാറുണ്ട്. 2013ല്‍ പുറത്തിറങ്ങിയ 'തലൈവ' മുതലാണ് ഈ ട്രെൻഡ് ആരംഭിച്ചത്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിനും ഇപ്പോൾ ഇതേ അവസ്ഥ നേരിടേണ്ടി വന്നിരിക്കുകയാണ്.
വിജയ് ചിത്രം ബിഗിലിനെതിരെ ഇറച്ചിവെട്ടുകാർ; പോസ്റ്ററുകൾ വലിച്ച് കീറി - protest against vijay movie bigil by meat shop owners
ഒക്ടോബർ 27ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്‍റെ പോസ്റ്ററിനെതിരെ കോയമ്പത്തൂരില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇറച്ചിവെട്ടുക്കാരുടെ സംഘടന.

ബിഗിലിന്‍റെ പോസ്റ്റർ തങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഇറച്ചിവെട്ടുക്കാരുടെ സംഘടനയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇറച്ചി വെട്ടുന്ന കത്തി കല്ലിന് മുകളില്‍ വച്ച് അതിന് മേലെ വിജയ് കാല്‍ കയറ്റി വച്ചിരിക്കുന്നതാണ് പോസ്റ്ററില്‍. ഇതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. പോസ്റ്റർ തങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും അത് തങ്ങൾക്ക് വലിയ ഞെട്ടലുണ്ടാക്കിയെന്നും വ്യാപാരികൾ പറയുന്നു. കോയമ്പത്തൂരിലെ ഇറച്ചിവെട്ടുകടക്കാരുടെ സംഘടനയിലെ അംഗങ്ങൾ ചിത്രത്തിന്‍റെ പോസ്റ്റർ വലിച്ച് കീറിയും പ്രതിഷേധമറിയിച്ചു. ഈ പോസ്റ്റർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെർസലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ബിഗില്‍. നയൻതാര നായികയാവുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്.