എറണാകുളം: സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് നിർമാതാക്കളുടെ സംഘടന. ലോക്ക് ഡൗൺ തുടരുകയും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓൺലൈൻ റിലീസ് വേണമോയെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഓണ്‍ലൈൻ റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കള്‍ - സിനിമാ വാര്‍ത്തകള്‍
ഓൺലൈൻ റിലീസ് വേണമോയെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം
നിലവിൽ ചിത്രീകരണം പൂർത്തിയായ 15സിനിമകളുടെ നിർമാതാക്കളുമായി സംഘടന ചർച്ച നടത്തും. ഇതിനു ശേഷം ഒ.ടി.ടി റിലീസിന് താല്പര്യമുള്ളവരുടെ പട്ടിക തയാറാക്കും. ഇതിനു ശേഷം ചലച്ചിത്ര മേഖലയിലെ മറ്റു സംഘടനകളുമായി ചർച്ച നടത്തും. ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓൺലൈൻ വഴി റിലീസ് ചെയ്യാൻ തീരുമാനിച്ച നിർമാതാവ് വിജയ് ബാബുവിനെതിരെ തിയറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് നിർമാതാക്കളുടെ സംഘടന ഓൺലൈൻ റിലീസിന് പിന്തുണ നൽകി രംഗത്ത് വന്നത്. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് നിർമാതാക്കൾ യോഗം ചേർന്നത്.
അതേ സമയം തിയേറ്റർ ഉടമകളും ഇന്ന് കൊച്ചിയിൽ യോഗം ചേർന്നു. ഒ.ടി.ടി റിലീസ് ഇന്നത്തെ യോഗത്തിൽ ചർച്ചയായില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക് അറിയിച്ചു. ഒ.ടി.ടി റിലീസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രം തുടർ ചർച്ചകൾ നടത്താനാണ് ഫിയോകിന്റെ തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.