'ഡ്രൈവിങ് ലൈസൻസ്' എന്ന ഹിറ്റ് സിനിമയ്‌ക്ക് ശേഷം പൃഥ്വിരാജും- സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം 'ജനഗണമന'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഏപ്രിൽ 28ന് തിയറ്ററുകളിലെത്തും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് തീയതി പൃഥ്വിരാജ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
'മനസാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല' എന്ന മഹാത്മഗാന്ധിയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക്ക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ പ്രോമോ വീഡിയോ കഴിഞ്ഞവർഷം ജനുവരി 26ന് പുറത്തുവന്നിരുന്നു. ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.