മണിയൻ പിള്ള രാജു എന്ന നിർമാതാവിനെക്കുറിച്ചുള്ള പുതുമുഖ സംവിധായകന്‍റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കൃത്യമായി നല്ല ഭക്ഷണം സെറ്റിൽ വിളമ്പുന്ന മണിയൻ പിള്ള രാജുവിനെ കുറിച്ചാണ് എല്ലാവരും പറയാറുള്ളത്,എന്നാൽ തനിക്ക് വത്യസ്‌തമായ അനുഭവമാണ് പറയാനുള്ളത് എന്നാണ് പുതുമുഖ സംവിധായകന്‍ അരുണ്‍ പറയുന്നത്.
സിനിമയുടെ സെൻസർ കഴിഞ്ഞപ്പോൾ തന്നെ തനിക്കുള്ള പ്രതിഫലം മുഴുവൻ കിട്ടിയെന്നും പോസ്റ്റ് പ്രൊഡക്ഷൻ തീർന്നപ്പോൾ സിനിമയിൽ ജോലി ചെയ്ത എല്ലാവർക്കും പ്രതിഫലം കൊടുത്ത് തീർത്തെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ നിർമാതാവ് ഓർമകളുടെ മനുഷ്യനാണ്. രണ്ടു സിനിമ കഴിയുമ്പോൾ തന്നെ ചുറ്റും ഉണ്ടായിരുന്നവരെ മറക്കുന്ന ആളുകളുള്ള കാലത്ത് പണ്ട് കഷ്ടപ്പെട്ടതിനെക്കുറിച്ചും സഹായിച്ചവരെക്കുറിച്ചും അദ്ദേഹം ഓർത്തു പറയാറുണ്ട് എന്നും സംവിധായകൻ പറയുന്നു. സെറ്റിലെ ഭക്ഷണത്തിനപ്പുറം ആ സെറ്റിൽ പലതുമുണ്ടെന്ന് പറഞ്ഞാണ് അരുൺ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പി.ആർ അരുൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ഫൈനൽസ് നിർമിച്ചത് മണിയൻ പിള്ള രാജുവാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രജിഷ വിജയനും നിരഞ്ജ മണിയൻ പിള്ള രാജുവുമാണ്. ചലച്ചിത്ര താരം മുത്തുമണിയാണ് പി.ആർ അരുണിന്‍റെ ഭാര്യ.
ഫേസ് ബുക്ക് പോസ്‌റ്റിൻ്റെ പൂർണ രൂപം
മണിയൻപിള്ള രാജു എന്ന പ്രൊഡ്യൂസറിനെ കുറിച്ച് ചിലത് തുറന്ന് പറഞ്ഞേ പറ്റൂ...
എല്ലാവരും ആഘോഷത്തോടെ പറയുന്ന കാര്യം ഉണ്ട്. മണിയൻപിള്ള രാജു എന്ന പ്രൊഡ്യൂസർ ഭക്ഷണത്തിന്റെ ആളാണ്. സെറ്റിൽ ഏറ്റവും നല്ല ഫുഡ് കൊടുക്കുന്ന ആളാണ്. സംഭവം സത്യമാണ്. ബൂസ്റ്റും നാരങ്ങാ വെള്ളവും പിന്നെ ആടും മാടും എന്ന് വേണ്ട , നാട്ടിൽ ഉള്ള എല്ല്ലാ തരാം ആഹാരവും, ഏറ്റവും ഗംഭീരമായി തന്നെ രാജുച്ചേട്ടന്റെ സെറ്റിൽ ഉണ്ടാവും. എല്ലാവർക്കും... ഒരു ക്യാമറാമാൻ ലെൻസ് മാറ്റുന്ന ജാഗ്രതയോടെ രാജു ചേട്ടൻ ഇതിനെല്ലാം മേൽനോട്ടം നൽകുകയും ചെയ്യും.. എപ്പോഴും രാജു ചേട്ടന്റെ ഈ പ്രത്യേകത എല്ലാവരും ആഘോഷിക്കാറും ഉണ്ട്. പക്ഷെ എനിക്ക് ഇത് കേൾക്കുമ്പോൾ ദേഷ്യം ആണ് തോന്നാറ് . കാരണം എനിക്ക് വേറെ ചിലത് പറയാനുണ്ട്..
സെൻസർ കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്ത് നിന്നും മടങ്ങുകയാണ്. ഫോണിൽ ഒരു മെസ്സേജ്. അധികം കണ്ടു പരിചയം ഇല്ലാത്ത തലക്കെട്ടിൽ നിന്നാണ് മെസ്സേജ് വന്ന് കിടക്കുന്നത്.ബാങ്കിൽ നിന്ന് . വണ്ടി വശത്തേക്ക് ഒതുക്കി നോക്കി. എന്റെ പ്രതിഫലം മുഴുവനായി ക്രെഡിറ്റ് ആയിരിക്കുന്നു. മണിയൻപിള്ള രാജു എന്ന പ്രൊഡ്യുസർ മുഴുവൻ പ്രതിഫലവും ഇട്ടിരിക്കുകയാണ്. എന്നെയും എന്റെ പല സുഹൃത്തുക്കളെയും സംബന്ധിച്ച് ഇത് കേട്ട് കേൾവി ഇല്ലാത്തതാണ്. ആദ്യ സിനിമ എന്നാൽ , പ്രൊഡ്യൂസർ പറയുന്ന പ്രതിഫലം തലയാട്ടി കേൾക്കുകയും, അവസാനം എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം എന്നതും ആണ് നാട്ടു നടപ്പ് എന്ന് കരുതാൻ കാരണം, ഞങ്ങളിൽ പലരുടെയും അനുഭവം തന്നെയായിരുന്നു. പ്രതിഫലം കിട്ടാതെ ആദ്യ സിനിമയുടെ അധ്വാനം തളർത്തിയ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ തീർന്നപ്പോൾ തന്നെ, സിനിമയിൽ ജോലി ചെയ്ത എല്ലാവർക്കും , പറഞ്ഞ പ്രതിഫലം കൊടുത്ത് തീർത്തു കഴിഞ്ഞു, ഈ പ്രൊഡ്യൂസർ.