നാല് വർഷത്തെ ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദും ആലപ്പാട്ട് മറിയമായി നൈല ഉഷയും കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ്ജും വേഷമിടുന്നു.
മരണമാസ്സായി 'പൊറിഞ്ചു- മറിയം -ജോസ്'; മോഷൻ പോസ്റ്റർ പുറത്ത് - ജോഷി ചിത്രം
നടൻ കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്‍റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.
തൃശൂർ കേന്ദ്രമാക്കി നടക്കുന്ന കഥയില്‍ കൂടുതല്‍ കഥാപാത്രങ്ങളും തൃശൂർ ഭാഷ സംസാരിക്കുന്നവരായിരിക്കും. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 'ലൈല ഓ ലൈല'യായിരുന്നു ജോഷിയുടെ അവസാന ചിത്രം. മഞ്ജു വാര്യരെയാണ് പൊറിഞ്ചു മറിയം ജോസില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശനം മൂലം മഞ്ജു പിന്മാറുകയായിരുന്നു. തുടർന്നാണ് നൈല ഉഷ നായികയായി എത്തുന്നത്.