സംവിധായകൻ പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് തമിഴ്നാട് പൊലീസ്. തമിഴ് ചോള സാമ്രാജ്യത്തിലെ ചക്രവർത്തിമാരിൽ ഒരാളായിരുന്ന രാജ രാജ ചോളനെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് ഹിന്ദു മക്കൾ കക്ഷി നല്‍കിയ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്നത്.
വിദ്വേഷ പ്രസംഗം; പാ രഞ്ജിത്തിനെതിരെ കേസ്
ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്‍റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ രഞ്ജിത് നടത്തിയ പ്രസംഗമാണ് കേസിനാസ്പദം.
ദളിതന്‍റെ ഭൂമികള്‍ പിടിച്ചെടുത്തതും അവര്‍ക്കുണ്ടായിരുന്ന എല്ലാ അധികരവും ഇല്ലാതാക്കിയിതും രാജരാജ ചോളന്‍ ഒന്നാമനാണ് എന്നായിരുന്നു പാ രഞ്ജിത്തിന്‍റെ പരാമര്‍ശം. ''രാജരാജ ചോളന്‍റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കിയത്. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടേതാണ്. അദ്ദേഹത്തിന്‍റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം നിലവില്‍ വന്നത്'',പാ രഞ്ജിത്ത് പ്രസംഗത്തില്‍ പറഞ്ഞു. ഇതേ തുടർന്ന് രഞ്ജിത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ 'പ്രേ ഫോർ മെന്‍റല്‍ രഞ്ജിത്ത്' എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം കനത്തിരുന്നു.
ചോള രാജാവിനെ അപമാനിക്കുന്നത് വഴി ഹിന്ദുക്കളുടെയും ഭാരതത്തിന്‍റെയും വികാരം രഞ്ജിത് വ്രണപ്പെടുത്തിയെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയർന്ന വിമര്‍ശനം. എന്നാല്‍ അദ്ദേഹത്തെ അനുകൂലിച്ചും ഏറെ പേര്‍ രംഗത്തെത്തിയിരുന്നു.