തമിഴിലും തെലുങ്കിലും ഏറെ പ്രശംസ നേടി മുന്നേറുന്ന മമ്മൂട്ടിയുടെ ‘പേരൻപി’നെയും ‘യാത്ര’യേയും പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടി ഇത്രയേറെ നിരൂപക പ്രശംസയും അഭിനയസാധ്യതയുമുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യയും. തന്‍റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് സൂര്യ മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.
ബോക്സ് ഓഫീസും മനസ്സും നിറച്ച് മമ്മൂട്ടി - പേരൻപ്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിക്കുന്നത്. തിരിച്ചുവരവിൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവെച്ച മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴകവും തെലുങ്കു സിനിമാ ലോകവും.
വൈ എസ് ആറിന്‍റെ ബയോപിക് ചിത്രമായ ‘യാത്ര’ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. സീറ്റുകൾ ലഭിക്കാത്തതിനാൽ നിന്ന് ചിത്രം കാണുന്ന പ്രേക്ഷകരുടെ തിയേറ്റർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഒരു രാഷ്ട്രീയ നേതാവിന്‍റെ ജീവിതം പറയുന്ന സിനിമ എന്ന നിലയില്‍ പുറത്തുവന്ന ‘യാത്ര’യ്ക്ക് ഒരു ‘പ്രൊപ്പഗാന്‍ഡ സിനിമ’യുടെ സ്വഭാവമാണെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ കണ്ടില്ലെന്ന് വെയ്ക്കാനാവില്ല. വൈ എസ് ആറിനെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി തന്നെ അവതരിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ട്. വൈകാരിക രംഗങ്ങളില്‍ ഒട്ടും അതിരു വിടാതെ, എന്നാല്‍ വികാരങ്ങളെ കൃത്യമായി അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാവാം, തങ്ങളുടെ പ്രിയനേതാവ് വൈ എസ് ആറായി മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോൾ നിന്നുപോലും സിനിമ കാണാൻ തെലുങ്ക് പ്രേക്ഷകര്‍ തയ്യാറാകുന്നത്.