ലൊസാഞ്ചലസ്:92-മത് ഓസ്കർ പുരസ്കാരം ചരിത്രത്തിലേക്ക്. പണക്കൊഴുപ്പിലും, താരസമ്പന്നതയിലും മുന്നിട്ട് നില്‍ക്കുന്ന ഹോളിവുഡിലെ പ്രഗത്‌ഭരായ സംവിധായകരുടെ സൃഷ്‌ടികളെ മറിടകന്ന് നാല് പുരസ്‌കാരങ്ങളാണ് ഓസ്‌കര്‍ രാവില്‍ പാരസൈറ്റിന്‍റെ ചിറകിലേറി ദക്ഷിണകൊറിയയിലേക്ക് പറക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കുമ്പോള്‍ ഓസ്‌കര്‍ പുതിയ ചരിത്രമാണ് രചിക്കുന്നത്.
പാരസൈറ്റ് വെറുമൊരു ചിത്രമല്ല; ഓസ്കർ തിളക്കത്തില്‍ ചരിത്രം
മികച്ച ചിത്രം, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ബോങ് ജൂൻ ഹോ സംവിധാനം ചെയ്‌ത കൊറിയൻ ചിത്രം പാരസൈറ്റ് സ്വന്തമാക്കി
ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച സിനിമയായി ഹോളിവുഡിലെ ഡോൾബി തിയറ്ററില്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമരം പ്രമേയമാക്കി ബോങ് ജൂൻ ഹോ സംവിധാനം ചെയ്‌ത കൊറിയൻ ചിത്രം മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും, മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ജോക്കര്‍, 1917, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്, ദി ഐറിഷ്‌മാൻ, ഫോഡ് vs ഫെരാരി തുടങ്ങി ബോളിവുഡിനെ മാത്രമല്ല ലോകത്തെയൊട്ടാകെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ പിറന്ന വര്‍ഷത്തിലാണ് പാരസൈറ്റിന്‍റെ നേട്ടം. ജാക്വിന്‍ ഫീനിക്‌സ് അനശ്വരമാക്കിയ ജോക്കറിനെ മറികടന്നു എന്നത് പാരസൈറ്റിന്‍റെ നിര്‍മാണ മികവിന് കൂടുതല്‍ പകിട്ട് നല്‍കുന്നു.
ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് പാരസൈറ്റിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിർണായക സംഭവങ്ങളാണ് പ്രമേയം. 2019 കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. മികച്ച ചിത്രത്തിനുള്ള കാന്‍ പുരസ്‌കാരവും പാരസൈറ്റിനായിരുന്നു.