മലയാളികൾക്ക് എന്നും ഓർക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച പ്രിയ കവിയും ഗാനരചയിതാവുമായ ഒഎൻവി കുറുപ്പ് വിടവാങ്ങിയിട്ട് മൂന്ന് വർഷം. പ്രണയം ഇത്രഭംഗിയായി കവിതയില്‍ അവതരിപ്പിച്ച അപൂര്‍വ്വം കവികളില്‍ ഒരാളായിരുന്നു അദ്ദേഹം.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എൻ കൃഷ്ണക്കുറുപ്പിന്‍റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27ാം തിയതിയാണ് ഒറ്റപ്ലാക്കൻ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒഎൻവി കുറുപ്പ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്‍റെ ആദ്യ കവിതയായ 'മുന്നോട്ട്' എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ 'പൊരുതുന്ന സൗന്ദര്യം' ആണ് ആദ്യത്തെ കവിതാ സമാഹാരം. ബാലമുരളിയെന്ന പേരിലായിരുന്നു ആദ്യകാലങ്ങളില്‍ അദ്ദേഹം കവിതയെഴുതിയിരുന്നത്. 1955ല്‍ 'കാലംമാറുന്നു' എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതി കൊണ്ടാണ് സിനിമയിലെത്തുന്നത്. 'ശ്രീ ഗുരുവായൂരപ്പൻ' എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽ തന്നെ അദ്ദേഹം ഗാനങ്ങൾ എഴുതി തുടങ്ങിയത്. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.
ഒ.എൻ.വിയും ഭാര്യ സരോജിനിയും എണ്‍പതുകളിലാണ് അദ്ദേഹം മലയാളസിനിമയില്‍ സജീവമായത്. എല്ലാ കവികള്‍ക്കും ചലച്ചിത്രഗാന രംഗം യോജിക്കണമെന്നില്ല. എന്നാല്‍ ഒ.എന്‍.വി തികച്ചും വ്യത്യസ്തനായിരുന്നു. ചലച്ചിത്രഗാനരംഗത്ത് വയലാര്‍ തിളങ്ങി നിന്നപ്പോള്‍ തന്നെയാണ് ഒഎന്‍വിയും തന്‍റേതായ ശൈലിയിലൂടെ പ്രശസ്തനായത്. അദ്ദേഹത്തിന്‍റെ കവിതകളോ, ചലച്ചിത്ര ഗാനങ്ങളോ, നാടക ഗാനങ്ങളോ ഒരിക്കല്ലെങ്കിലും മൂളാത്ത മലയാളിയുണ്ടാകില്ല. വയലാറിന് ശേഷം സിനിമാ ഗാനങ്ങളെ സാഹിത്യവുമായി ചേര്‍ത്തുവയ്ക്കുന്നതിന് അദ്ദേഹം പ്രയത്‌നിച്ചു. മാണിക്യവീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ എന്ന് അദ്ദേഹമെഴുതിയത് 1965ലാണ്. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...., വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍....., അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...., ആരെയും ഭാവ ഗായകനാക്കും....., ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ.....മനസ്സില്‍ കുളിരും സൗന്ദര്യവും നിറയ്ക്കുന്ന എത്രയോ പാട്ടുകള്‍.
2007ൽ ജ്ഞാനപീഠം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന് ഏറ്റുവാങ്ങുന്നു. വിഎസ് അച്യുതാനന്ദൻ സമീപം ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം അദ്ദേഹം എഴുതിയ നടകഗാനങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ ദേവരാജന്‍ മാഷിന്‍റെ സംഗീതത്തില്‍ പിറന്ന ‘പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ, മുടിയനായ പുത്രന്‍ എന്ന നാടകത്തിലെ ‘തുഞ്ചന്‍പറമ്പിലെ തത്തേ വരൂ, പഞ്ചവര്‍ണക്കിളി തത്തേ…’, ഇല്ലിമുളം കാടുകളില്‍, ചെപ്പുകിലുക്കണ ചങ്ങാതീ, മധുരിക്കും ഓര്‍മ്മകളേ…തുടങ്ങിയ ഗാനങ്ങള്‍ സിനിമാഗാനം പോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
ആറ് പതിറ്റാണ്ട് ദൈർഘ്യമുള്ള സാഹിത്യ ജീവിതത്തില്‍ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. പതിമൂന്ന് തവണയാണ് ഒ.എന്‍.വിക്ക് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. 'വൈശാലി’ ചിത്രത്തിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം നേടി. 1998-ല്‍ പത്മശ്രീയും 2007-ല്‍ ഇന്ത്യയിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം അവാര്‍ഡും ഒഎന്‍വിക്ക് ലഭിച്ചു. 2011ല്‍ പത്മവിഭൂഷണ്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.
2011 ൽ പത്മ വിഭൂഷൺ പുരസ്കാരം രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് ഏറ്റുവാങ്ങുന്നു കക്ഷി രാഷ്ട്രീയത്തിനും വ്യക്തിക്കുമപ്പുറം ഒഎൻവി എന്ന കവി ഓരോ മലയാളിയുടെയും വികാരമായിരുന്നു. കേൾവിക്കാരുടെ മനസ്സില്‍ തേന്മഴ പെയ്യിച്ച് ഒഎൻവി കുറുപ്പ് വിടവാങ്ങിയപ്പോൾ ഓരോ മലയാളിയും ആഗ്രഹിച്ചിരുന്നിരിക്കണം ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് അദ്ദേഹം വന്നിരുന്നുവെങ്കിലെന്ന്...