കൊച്ചി:ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലന്ന തീരുമാനവുമായി നിർമാതാക്കളുടെ സംഘടന. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ താര സംഘടനയായ അമ്മയെ അറിയിച്ചു. ഇതോടെ ഷെയ്‌നിന് മലയാള സിനിമകളിൽ അഭിനയിക്കാനുള്ള അവസരം നഷ്ടമായേക്കും. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന സിനിമയുമായി സഹകരിക്കാൻ നടൻ ഷെയ്ൻ നിഗം തയ്യാറാവുന്നില്ലെന്ന പരാതിയെ തുടർന്നാണ് കടുത്ത തീരുമാനവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. ഷെയ്നും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഏറെ വിവാദമായ ചിത്രമായിരുന്നു വെയിൽ. ഇതേ തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.
ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ - കൊച്ചി വാർത്തകൾ
സെറ്റിലെത്തിയാൽ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് സെറ്റിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യുമെന്ന് അണിയറ പ്രവർത്തകർ ആരോപിക്കുന്നു

എന്നാൽ ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് വെയിൽ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സെറ്റിലെത്തിയാൽ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് സെറ്റിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യുമെന്ന് അണിയറ പ്രവർത്തകർ ആരോപിക്കുന്നു. ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിർമാതാവ് ജോബി ജോർജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിട്ടുണ്ട്.
ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവരും മാധ്യമങ്ങളിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയായിരുന്നു. തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ നിർമാതാക്കളുടെയും താരങ്ങളുടെയും സംഘടന മുൻകൈ എടുത്ത് ചർച്ച നടത്തിയത്. പ്രശ്നം പരിഹരിച്ചതായി ഇരുവരും വ്യക്തമാക്കിയിരുന്നെങ്കിലും ഇത് ശരിയായിരുന്നില്ലെന്ന് തെളിയിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ.