മഞ്ചേരിയില്‍ ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ നടി നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു. വേദന സഹിക്കാനാവാതെ കരഞ്ഞ് കൊണ്ടാണ് നൂറിൻ വേദിയില്‍ സംസാരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങി.
ഉദ്ഘാടനത്തിനിടെ ബഹളം; നടി നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു - നൂറിൻ ഷെരീഫ്
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ച് തുടങ്ങിയത്
![ഉദ്ഘാടനത്തിനിടെ ബഹളം; നടി നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4889530-thumbnail-3x2-no.jpg)
നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റശ്രമം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും സത്യാവസ്ഥ അതല്ലെന്ന് വ്യക്തമാക്കി നടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. ആരും അറിഞ്ഞ് കൊണ്ട് നൂറിനെ ആക്രമിച്ചതല്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. 'ഉദ്ഘാടനത്തിനായി വൈകിട്ട് നാല് മണിക്ക് തന്നെ നൂറിൻ എത്തയിരുന്നു. എന്നാല്‍ കുറച്ച് കൂടി ആളുകൾ എത്തിയിട്ട് ഉദ്ഘാടനം ചെയ്യാമെന്നും ആറ് മണിവരെ കാത്തിരിക്കണമെന്നും ഹൈപ്പർ മാർക്കറ്റ് ഉടമസ്ഥൻ ആവശ്യപ്പെട്ടു. ആറ് മണിയായപ്പൊഴേക്കും തിരക്ക് ക്രമാതീതമായി വർധിച്ചു. ജനങ്ങൾ കാത്തിരുന്ന് മുഷിഞ്ഞു. നൂറിനെ കണ്ടതും ആളുകൾ രോഷാകുലരായി. തിക്കിനും തിരക്കിനും ഇടയിലൂടെ നൂറിനെ കടയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന്‍റെ ഇടയില്‍ ആരുടെയോ കൈ മൂക്കില്‍ ഇടിക്കുകയായിരുന്നു', രക്ഷിതാക്കൾ പറഞ്ഞു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ച് തുടങ്ങിയത്. 'ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്‍റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ച് തുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് താരം മടങ്ങിയത്.