കോഴിക്കോട് : 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kamini Kalaham). ചിത്രം റിലീസ് ചെയ്‌ത ശേഷം ആദ്യമായി നേരിട്ട് ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് സംവിധായകന്‍.
കനകം കാമിനി കലഹത്തെക്കുറിച്ച് രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ * പ്രതീക്ഷ കൈവരിക്കാൻ കഴിഞ്ഞോ?സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് തരത്തിലുള്ള ആസ്വാദനം ഉണ്ടാകുമെന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു. ചിരിക്കാൻ കഴിയുന്നവർക്ക് ആസ്വദിച്ച് ചിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലർക്ക് അതിന് സാധിച്ചിട്ടുമില്ല, അത് പ്രതീക്ഷിച്ചതായിരുന്നു. ഇതുപോലുള്ള സിനിമകൾ കാണാനും ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. * കുടുംബ പ്രേക്ഷകരുടെ പ്രതികരണം?
കുടുംബ പ്രേക്ഷകർക്ക് സിനിമ ഇഷ്‌ടപ്പെട്ടില്ല എന്ന നിരൂപണം തെറ്റാണ്, അത്തരം പ്രേക്ഷകരാണ് 'കനകം കാമിനി കലഹ'ത്തെ ഏറ്റെടുത്തിരിക്കുന്നത്. അവർ വീണ്ടും വീണ്ടും ഈ സിനിമ കാണുകയാണ്.
* ജീവിതാനുഭവമാണോ ഈ സിനിമ ?
സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഈ സിനിമ പിറവിയെടുത്തത്. എൻ്റെ ഭാര്യ ഒരു സീരിയൽ ആർട്ടിസ്‌റ്റാണ്, ഞങ്ങൾ ബാംഗ്ലൂരിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് 'കനകം കാമിനി കലഹ'ത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.
* നടനേക്കാള്‍ പ്രാധാന്യം ആശയത്തിനോ, രംഗത്ത് ആരെങ്കിലും അപ്രസക്തരായോ ?
ഓരോ ആളുകളും ഓരോ തരമാണ്, അവർ ഒരു വിഷയത്തെ എങ്ങനെ ഏറ്റെടുക്കും എന്നത് ഒരു കാരിക്കേച്ചർ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്‌തത്. ഓരോ രംഗങ്ങളിലും അത് അവതരിപ്പിക്കുന്നവർ നായക സ്ഥാനത്തേക്ക് വന്നു എന്ന തോന്നലും അതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്.
അതിനിടയിൽ ഒരു കഥാപാത്രവും അപ്രസക്തമായെന്ന് തോന്നിയിട്ടില്ല. വരുംവരായ്‌കകൾ എല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചതും.
* ലൊക്കേഷൻ അനുഭവം?
വളരെ കഠിനമായ ഒരു പ്രക്രിയ തന്നെയായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ഒരു ഹോട്ടലിൽ ഏതാനും മണിക്കൂറുകൾ നടന്ന സംഭവ വികാസങ്ങളെ ഒരു മാസത്തോളം സമയമെടുത്താണ് രണ്ട് മണിക്കൂർ സിനിമയാക്കി രൂപാന്തരപ്പെടുത്തിയത്. അഭിനേതാക്കളും പിന്നണിയിൽ പ്രവർത്തിച്ചവരും വളരെ ഉത്തരവാദിത്തത്തോടെയും ബോധ്യത്തോടെയും അത് നിർവഹിച്ചു.
* തിയേറ്റർ റിലീസ് വേണ്ടെന്ന് തീരുമാനിച്ചതാണോ ?
തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാൻ ആയിരുന്നു ഉദ്ദേശിച്ചത്. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ പ്രദർശന ശാലകൾ തുറക്കുന്നത് അനന്തമായി നീണ്ടുപോയതോടെയാണ് ഹോട്ട്‌സ്‌റ്റാറുമായി കരാറിൽ ഏർപ്പെട്ടത്. എന്നാൽ പിന്നീട് തിയേറ്ററുകൾ തുറന്നെങ്കിലും കരാറിൽ നിന്ന് പിന്മാറാൻ പറ്റാതായതോടെ 'കനകം കാമിനി കലഹം' ഒടിടിയില്‍ റിലീസ് ചെയ്യുകയായിരുന്നു.
* രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ സിനിമാക്കാരനായത് ?
കലാ സംവിധായക സഹായിയായിട്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. ആർട്ട് ഡയറക്ടര്‍ ബാവയുടെ അസിസ്‌റ്റന്‍റായിരുന്നു. അതിനുശേഷം ബോളിവുഡിലേക്ക് ചുവടുമാറ്റി. പ്രശസ്‌ത ഛായാഗ്രാഹകൻ കെ.യു മോഹനൻ വഴിയാണ് ഹിന്ദി സിനിമ ലോകത്ത് എത്തിയത്.
അവിടെ കലാസംവിധായകനായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചു.പിന്നീട് മലയാളത്തിലേക്ക് എത്തി. കമ്മട്ടിപ്പാടം, ഇസ്ര എന്നീ ചിത്രങ്ങളിൽ കലാസംവിധായകനായി.
* ആദ്യ സിനിമയും അനുഭവ കഥ?
ആദ്യ ചിത്രമായ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' ഉണ്ടായതും സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. മാതാപിതാക്കളെ പരിചരിക്കാൻ ഒരു റോബോട്ട് എന്ന ആശയം അങ്ങനെ ഉരുത്തിരിഞ്ഞ് വന്നതാണ്. ജനിച്ച് വളർന്ന ചുറ്റുപാടുകളുകളിൽ നിന്നാണ് 'കുഞ്ഞപ്പനി'ലെ സംഭാഷണങ്ങളും ഉണ്ടായത്. തൻ്റെ ഓരോ കലാപ്രവർത്തനങ്ങളിലും നാടിൻ്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്.
* 'കുഞ്ഞപ്പ'ന് ശേഷം ബിഗ് ബജറ്റിലേക്ക് പോവാതിരുന്നത് മനപ്പൂര്‍വമാണോ ?
എനിക്ക് തോന്നുന്ന കഥകൾ അതിൻ്റേതായ ശൈലിയിൽ പറയുക എന്നതാണ് എൻ്റെ സിനിമ. അത് ഉൾക്കൊള്ളുന്ന നടീനടൻമാരെയാണ് ഓരോ സന്ദർഭത്തിനായും ഉപയോഗപ്പെടുത്തുന്നത്. അതിൽ 'സ്‌റ്റാര്‍' വേർതിരിവില്ല.
* അടുത്ത സിനിമയും കോമഡി ?
അടുത്ത പ്രൊജക്‌ടായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കുഞ്ചോക്കോ ബോബനും, ഗായത്രി ശങ്കറും ഒഴികെ മറ്റുള്ള അറുപതോളം അഭിനേതാക്കൾ പുതുമുഖങ്ങളാണ്.
കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ് നടീനടൻമാർ. കോമഡി സിനിമ തന്നെയാണ് ഒരുങ്ങുന്നത്. പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ ഉള്ളതുപോലെ എന്തെങ്കിലും 'വട്ട്' പുതിയ ചിത്രത്തിലും പ്രതീക്ഷിക്കാം.
കുഞ്ഞപ്പൻ്റെ രണ്ടാം ഭാഗം ?
'ന്നാ താൻ കേസ് കൊട്' പൂർത്തിയാക്കിയതിന് ശേഷം 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ'ൻ്റെ രണ്ടാം ഭാഗത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലി ആരംഭിക്കും. ഏറെ സമയം ആവശ്യമുള്ള പ്രവർത്തിയാണത്.
ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ Also Read: IFFK : തീയതി നീട്ടി; ഫെബ്രുവരി 4 മുതല്‍ 11 വരെ