എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം കഥയെ ആസ്പദമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന 'മഹാഭാരത'ത്തില്‍ നിന്ന് നിർമാതാവ് എസ് കെ നാരായണൻ പിന്മാറി. ആയിരം കോടി മുതല്‍മുടക്കില്‍ നിർമിക്കാനിരുന്ന ചിത്രത്തില്‍ നിന്നും നിർമാതാവ് പിന്മാറിയതായി പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പുതിയ നിർമാതാവും പിന്മാറി; ശ്രീകുമാർ മേനോന്‍റെ രണ്ടാമൂഴം അനിശ്ചിതത്വത്തില്‍ - മഹാഭാരതം
എം ടിയുമായുള്ള "രണ്ടാമൂഴ"ത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന ശ്രീകുമാർ മേനോൻ നിർമാതാവിനെ പറഞ്ഞ് പറ്റിച്ചതാണ് അദ്ദേഹം നിർമാണത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
എം ടിയുമായുള്ള കേസിന്‍റെ വിശദാംശങ്ങളടക്കം മറച്ച് വച്ച് ശ്രീകുമാർ മേനോൻ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ചെന്നും രണ്ടാമൂഴത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സിനിമ ചെയ്യാനുള്ള തത്രപ്പാടിലായിരുന്നു സംവിധായകനെന്നും ജോമോൻ പറഞ്ഞു. 'എം ടിയും താനും തമ്മിലുള്ള കരാർ കാലാവധി 12 വർഷത്തേക്കാണെന്നായിരുന്നു നിർമാതാവ് ഡോ. എസ് കെ നാരായണനോട് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വച്ച് ഈ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് എസ് കെ നാരായണൻ പറയുകയായിരുന്നു’,–ജോമോൻ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്‍റെ നിര്‍മാതാവായി ആദ്യം പറഞ്ഞിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും ഡോ. എസ് കെ നാരായണന്‍ ആവും പുതിയ നിര്‍മാതാവെന്നും ജോമോൻ തന്നെയാണ് ഈ വർഷമാദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.